June 4, 2013

വിശുദ്ധ വിവാഹ കൂദാശ

അപ്പോസ്തോലിക സഭകളില്‍ വിവാഹം ഒരു കൂദാശ ആണ്. ഓര്‍ത്തഡോക്‍സ്‌ വിശ്വാസത്തിലും പാരമ്പര്യത്തിലും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തില്‍ അധിഷ്ടിതമാണ് വിവാഹം എന്ന കൂദാശ. ക്രിസ്തുവാകുന്ന ഒരു ശരീരത്തിലെ രണ്ടംഗങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളായ സന്തോഷത്തിലും സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ചു ജീവിക്കുവാന്‍ എടുക്കുന്ന തീരുമാനത്തെ സഭ അന്ഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് വി. വിവാഹ കൂദാശയുടെ ഉള്ളടക്കം.

വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മില്‍ വേര്‍പിരിഞ്ഞു കൂടാതെവണ്ണം ആത്മപ്രകാരം അവരെ ബന്ധിക്കുകയും അവര്‍ക്ക് ദൈവത്തില്‍നിന്നും അനുഗ്രഹങ്ങളും വാഴ്വുകളും കൊടുക്കുകയും ചെയ്യുന്ന ഒരു വിശുദ്ധ കൂദാശയാകുന്നു. വിവാഹം നല്ലതും വിവാഹം ചെയ്യരുതെന്ന് ഒരുത്തനോടും വിരോധിച്ചു കൂടാത്തതുമത്രെ. ആദ്യ ഭാര്യ ജീവനോടിരിക്കെ വേറൊരു വിവാഹം വചനവിരുദ്ധവും സഭ അംഗീകരിക്കാത്തതുമാണ്. വ്യഭിചാരകുറ്റത്താല്‍ അല്ലാതെ ഭാര്യയെ ഉപേക്ഷിക്കാനോ വിജാതീയരില്‍നിന്നും വിവാഹം കഴിക്കനോ സഭ അനുവദിക്കുന്നില്ല. വിവാഹം ഒരു ഉടമ്പടി മാത്രമല്ല ഒരു വിശുദ്ധ കൂദാശയും പുരുഷന് സ്ത്രീ വിവാഹം പറഞ്ഞു ബോധിക്കപെടുന്നതും അവര്‍ ഇരുവരും ഒരു ജഡമായി ഇണചേര്‍ക്കപ്പെടുന്നത് ദൈവത്താലും ആക കൊണ്ടും ദൈവത്തിന്റെ സ്ഥാനപതിയായ പട്ടക്കാരന്‍ കൂടാതെ കൂദാശ നിവൃത്തിക്കപ്പെടാവുന്നതും അല്ല.

വിവാഹം പഴയനിയമത്തില്‍

പഴയനിയമത്തില്‍ വിവാഹത്തിന്റെ പ്രധാന ഉദ്ദേശ്യം സന്താനലബ്ധി ആണ്. വംശത്തിന്റെ നിലനില്പ്പിനായിരുന്നു പഴയനിയമത്തില്‍വിവാഹം. വംശാവലി നിലനിര്‍ത്താന്‍ ബഹുഭാര്യത്വം പോലും അനുവദിക്കപ്പെട്ടു. അബ്രഹാമിന്റെ വിശ്വസ്തതക്ക് പ്രതിഫലമായി ദൈവം വാഗ്ദാനം ചെയ്യുന്നത് വരുന്ന തലമുറയുടെ അഭിവൃധിയാണ് (ഉല്പത്തി 22: 17-18). ഉത്തമഗീതത്തില്‍ ഏകഭാര്യഭര്‍തൃബന്ധത്തെ വളരെ ആദര്‍ശപരമായി ചിത്രീകരിക്കുന്നു. സൃഷ്ടിയെ കുറിച്ചുള്ള വിവരണത്തില്‍ഏക ഭാര്യയും ഏക ഭര്‍ത്താവും എന്നാ തത്വം അടിസ്ഥാനപെടുത്തിയിട്ടുണ്ട്.

വിവാഹം പുതിയനിയമത്തില്‍

പുതിയ നിയമത്തില്‍ വിവാഹത്തിന് ഒരു പുതിയ മാനം കാണുവാന്‍ നമുക്ക് സാധിക്കും. സന്താനലബ്ധി എന്നതല്ല പുതിയ നിയമത്തിലെ വിവാഹത്തിന്റെ ലക്ഷ്യം. വിവാഹത്തിൽ ഭാര്യാഭർത്താക്കന്മാർ ഏക ശരീരമായി തീരുന്നു എന്ന് കല്പ്പിക്കുന്നതിലൂടെ യേശു തമ്പുരാൻ ഈ അതീവ പവിത്രമായ കൂദാശയെ അനുഗ്രഹിക്കുന്നു.

പുതിയനിയമത്തില്‍ മൂന്നു ഭാഗങ്ങളിലായി പഴയനിയമത്തില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തെ ചിത്രീകരിക്കുന്നു.

1. വിധവയെ ഭര്‍തൃസഹോദരന്‍ വിവാഹം ചെയ്തു മരിച്ചുപോയ സഹോദരനുവേണ്ടി സന്താനങ്ങളെ നല്‍കണം എന്നാ പഴയനിയമത്തിലെ പതിവിനെ കര്‍ത്താവ് തന്നെ വിമര്‍ശിക്കുന്നു. എന്തെന്നാല്‍ “പുനുരുധാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കുന്നുമില്ല. സ്വര്‍ഗത്തിലെ ദൂതന്മാരെ പോലെയത്രെ ആകുന്നു” (മത്തായി 22:30).

2. മോശയുടെ ന്യായപ്രമാണം വിവാഹമോചനം അനുവദിക്കുമ്പോള്‍ യേശുവിന്റെ ഉപദേശം അതിനു വിപരീതമാണ്. വ്യഭിചാരകുറ്റത്താലല്ലാതെ ദമ്പതികള്‍വിവാഹമോചനം നടത്തരുത് എന്ന് യേശുക്രിസ്തു നിഷ്കര്‍ഷിക്കുന്നു (മത്തായി 5:32; 19:9, മര്‍കോസ് 10:11, ലുകോസ് 16:18).

3. എഫെസ്യ 5: 22-32 ഇവിടെ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍നിന്നുകൊണ്ട് പൗലോസ്‌ വിവാഹബന്ധത്തിന്റെ പവിത്രത നമ്മെ ചൂണ്ടികാണിക്കുന്നു. സഭയുടെ വി. വിവാഹ കൂദാശയുടെ എല്ലാവിധ ദൈവശാസ്ത്രത്തിനും അടിസ്ഥാനം ഈ വേദഭാഗമാണ്. ഒന്നാം കൊരിന്ത്യലേഖനത്തില്‍ രണ്ടാം വിവാഹത്തെ പറ്റി പൗലോസ്‌ശ്ലീഹ പഠിപ്പിച്ചത് പോലെ പരി. സഭ പിന്തുടരുന്നു. രണ്ടാം വിവാഹം സഭ പ്രോത്സാഹിപ്പിക്കാറില്ല. “ജിതെന്ദ്രിയത്വം ഇല്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ. അഴലുന്നതിനെക്കാള്‍വിവാഹം ചെയ്യുന്നത് നല്ലത്”(1 കൊരിന്തി7:9) ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാംവിവാഹത്തെ സഭ അംഗീകരിക്കുന്നു.

4. എബ്രായ13:4 “വിവാഹം എല്ലാവരാലും ബഹുമാനമുള്ളതും അവരുടെ കട്ടില്‍ വെടിപ്പുള്ളതും ആകുന്നു. എന്നാല്‍ വേശ്യാസംഗകാരെയും വ്യഭിചാരികളെയും ദൈവം ന്യായം വിധിക്കുന്നു.”

5. 1 തീമോ 4:3 “വിവാഹം ചെയ്യുന്നത് വിരോധിക്കയും വിശ്വസിച്ചു സത്യത്തെ അറിയുന്നവര്‍ക്ക് പെരുമാറ്റത്തിനും സ്തോത്രത്തിനുമായി ദൈവം സൃഷ്ടിച്ചിട്ടുള്ള ഭക്ഷണത്തില്‍നിന്നും അകറ്റുകയും ചെയ്യുന്നു.” സഭ ആരെയും വിവാഹം കഴിക്കരുത് എന്ന് വിലക്കാരില്ല. എന്നാൽ സ്വയമേ സന്യാസം സ്വീകരിക്കാൻ താത്പര്യമുള്ളവർ ദൈവസന്നിധിയിൽ സ്വയം സമർപ്പിക്കുമ്പോൾ സഭ അത് അംഗീകരിക്കുകയും ചെയ്യുന്നു.

6. മത്തായി 29:4-9 “എന്നാല്‍ തന്‍ ഉത്തരമായിട്ടു അവരോടു പറഞ്ഞു, ആദിയില്‍ ഉണ്ടാക്കിയവന്‍ ആണും പെണ്ണുമായി അവരെ ഉണ്ടാക്കി എന്ന് നിങ്ങള്‍വായിചിട്ടില്ലയോ ………” ഇത്യാദി

7. റോമ 7:2 “എന്നാല്‍ അവളുടെ ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ അവളുടെ ഭര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍നിന്നും സ്വതന്ത്രപ്പെട്ടു.”

8. മത്തായി 19:6 “ആകയാല്‍ ദൈവം ഇണചേര്‍ത്തതിനെ മനുഷ്യന്‍ വേര്‍തിരിക്കരുത്”

തുടങ്ങി പുതിയ നിയമത്തില്‍ വിവാഹബന്ധത്തിന്റെ ആഴവും പവിത്രതയും വെളിവാക്കുന്ന അനേക വചനങ്ങളെ നമുക്ക് കാണുവാന്‍ സാധിക്കും. ദൈവമാണ് ദമ്പതികളെ യോജിപ്പിക്കുന്നെതെന്നും അതിനാല്‍ മനുഷ്യര്‍ അവരെ വേര്‍പെടുത്തരുതെന്നും വചനം പറയുന്നു. ദൈവം യോജിപ്പിക്കുന്നതാകയാല്‍ ദൈവത്തിന്റെ സ്ഥാനപതിയായ പുരോഹിതന്‍ ഇല്ലാതെ ഒരു വിവാഹവും പൂര്‍ണ്ണം ആകുന്നില്ല. സദൃശ്യവാക്യ 19:14 പറയുന്നു, ബുദ്ധിയുള്ള ഭാര്യ യഹോവയുടെ ദാനം ആണെന്ന്. ഒപ്പം എല്ലാം വിട്ടു പിരിഞ്ഞു ഭര്‍ത്താവ് ഭാര്യയോടു ചേരും എന്നുള്ള വചനത്തെ ആധാരമാക്കി അവര്‍ ഇരുവരും ഒരു ശരീരവും ഒരു മനസ്സും ആകണമെന്നും സഭ പഠിപ്പിക്കുന്നു.

വിവാഹം ആദിമസഭയില്‍

വിവാഹകൂദാശ, വി. കുർബാനയർപ്പണത്തിന്റെ ഭാഗമായിട്ടാണ് ആദിസഭയില്‍ നടത്തിയിരുന്നത്. ചുരുങ്ങിയ ചില പ്രാർത്ഥനകള്‍ക്ക് ശേഷം ദമ്പതികള്‍ഒരുമിച്ചു വി. കുര്‍ബാന സ്വീകരിക്കുന്നതായിരുന്നു ആദിമസഭയിലെ വിവാഹശ്രുശ്രൂഷ. വിവാഹത്തിന് മുന്‍പ് സ്ത്രീപുരുഷന്മാര്‍ സഭയിലെ ബിഷപ്പിനെ കണ്ടു അഭിപ്രായം ആരാഞ്ഞു തീരുമാനം എടുക്കണം എന്ന് അന്ത്യോഖ്യായിലെ വി. ഇഗ്നാത്തിയോസ് ഉദ്ബോധിപ്പിക്കുന്നു. വിശ്വാസികള്‍ വിവാഹത്തിന് മുന്‍പ് സഭയെ അറിയിക്കണം എന്ന് തെര്‍ത്തുല്യനും നിഷ്കര്‍ഷിക്കുന്നു. നാലാം നൂറ്റാണ്ടില്‍കിരീടം വാഴ്ത്തി ദമ്പതികളെ ധരിപ്പിക്കുന്ന ചടങ്ങ് കൂടി വിവാഹ കൂദാശയോട് ചേര്‍ത്തു. കിരീടം വികാരങ്ങളുടെ മേലുള്ള ജയത്തിന്റെ ചിഹ്നം ആണെന്ന് വി.ജോണ് ക്രിസോസ്ടം പറയുന്നു.

ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിവാഹശുശ്രൂഷാക്രമം

ഇന്ന് നാം ഉപയോഗിക്കുന്ന വിവാഹശ്രുശ്രൂഷ എട്ടാമത്തെ നൂറ്റാണ്ടുമുതല്‍നിലവിലുണ്ട്. പുരാതനമായ പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് എടെസ്സയിലെ വി. യാക്കൂബ് ആണ് വിവാഹശ്രുശ്രൂഷ എഴുതി ഉണ്ടാക്കിയെതെന്നു പ്രാചീന കയ്യെഴുത്ത് പ്രതികളില്‍കാണുന്നു. ഇന്നത്തെ ശ്രുശ്രൂഷയില്‍ രണ്ടു ഭാഗങ്ങള്‍ഉണ്ട്. 1. മോതിരം വാഴ്വു അല്ലെങ്കില്‍ വിവാഹനിശ്ചയം 2. കിരീടം വാഴ്വു അല്ലെങ്കില്‍ വിവാഹം. പണ്ട് രണ്ടായി നടത്തിയിരുന്ന ഈ ശ്രുശ്രൂഷകള്‍ ഇപ്പൊൾ സൌകര്യത്തെപ്രതി ഒരുമിച്ചാണ് നടത്തുന്നത്. വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങളും നിബന്ധനകളും ബാര്‍ എബ്രായ ഹൂദയകാനോന്‍ എട്ടാമത്തെ അധ്യായത്തില്‍ വിവരിക്കുന്നു.

‘ഭര്‍ത്താക്കന്മാരെ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പീന്‍’ എന്ന് വി. പൗലോസ്‌ ശ്ലീഹ പ്രബോധിപ്പിച്ചതിനെ ആധാരമാക്കിയുള്ള ഈ വിശുദ്ധ കൂദാശ, സ്നേഹത്തിന്റെ കൂദാശ ആകുന്നു. മോതിരം വാഴ്വിന്റെ ശ്രുശ്രൂഷയുടെ പ്രാര്‍ത്ഥനകളില്‍ ദൈവത്തിന്റെ വാഗ്ദാനത്തെയും, വിശ്വസ്തതയെയുമാണ് ഊന്നിപറയുന്നതു. ദൈവം തന്റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായിരിക്കുന്നത് പോലെ, മനുഷ്യര്‍ദൈവത്തോടും ഒപ്പം ദാമ്പത്യജീവിതത്തിലും ഈ ഗുണങ്ങള്‍ കാണിക്കണമെന്നും പ്രാര്‍ത്ഥനകള്‍നമ്മെ അനുസ്മരിപ്പിക്കുന്നു.

വിവാഹത്തിന്റെ രണ്ടാം ശ്രുശ്രൂഷയില്‍ കിരീടം വാഴ്വും, കുരിശിന്‍രൂപമുള്ള താലികെട്ടുന്നതു പുരോഹിതൻ ദമ്പതിമാരെ പരസ്പരം ഭാരമേൽപ്പിക്കുന്നതുമാണ് പ്രധാനചടങ്ങുകള്‍. കിരീടം ധരിപ്പിക്കുന്ന പതിവ് ക്രൈസ്തവ വിവാഹ ശ്രുശ്രൂഷയില്‍ നാലാം നൂറ്റാണ്ട് മുതല്‍ ഉണ്ട്. വേദപുസ്തക ചിന്തയില്‍ കിരീടത്തിനു പ്രത്യേക അര്‍ത്ഥമുണ്ട്. മരണത്തിന്മേലുള്ള ജീവന്റെ വിജയത്തിന്റെ ചിഹ്നമാണ് കിരീടം. മരണത്തെ ജയിച്ച ക്രിസ്ത്യാനികള്‍ ജീവന്റെ കിരീടം പ്രാപിക്കുന്നു എന്ന് വി.പൗലോസ്‌പറയുന്നു (1 കോരി 9:25). നമ്മുടെ നിത്യമായ പ്രതിഫലം ആണ് കിരീടം. അതുകൊണ്ട് ‘നീതിയുടെ കിരീടത്തെ’ കുറിച്ച് പൌലോസും (2 തിമോത്തി 4:8), ‘തേജസ്സിന്റെ വാടാത്ത കിരീടത്തെ’കുറിച്ച് പത്രോസും (1 പത്രോ 5:4) പ്രത്യാശയോടെ സംസാരിക്കുന്നു. ഈ തേജസ്സിന്റെ വാടാത്ത കിരീടത്തിന്റെ മുന്കുറിയായിട്ടാണ് വിവാഹത്തില്‍ കിരീടം ധരിപ്പിക്കുന്നത്. താലികെട്ട് ഭാരതീയ ആചാരമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള പുതിയഉടമ്പടി കുരിശുമൂലം ആയതിനാല്‍ കുരിശടയാളം കൊത്തിയ താലി ഇതേ ഉടമ്പടി ദാമ്പത്യത്തിലും പാലിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തിന്റെ പ്രതിപുരുഷ സ്ഥാനത്തിൽ കാർമികൻ മണവാളനെയും മണവാട്ടിയെയും പരസ്പരം ഭരമെൽപ്പിക്കുന്നു. വിവാഹ ശുശ്രൂഷ പൂർണമാകുന്നത് ഈ ഭരമേൽപ്പിക്കൽ മുഖാന്തിരമാണ്. അങ്ങനെ ദൈവവും ദമ്പതിമാരും തമ്മിലുള്ള ഒരിക്കലും തെറ്റിക്കാൻ പാടില്ലാത്ത ഒരു ഉടമ്പടി (covenant) ആയി വി. വിവാഹ കൂദാശ മാറുന്നു.

ദൈവഹിതപ്രകാരം ഉള്ള ഒരു ശ്രുശ്രൂഷ ആയതിനാല്‍ കാര്‍മ്മികന്‍ ദൈവത്തിന്റെ സ്ഥാനത്ത് ആണ്. മണവാളൻ ക്രിസ്തുവിന്റെ സ്ഥാനത്തും മണവാട്ടി സഭയുടെ സ്ഥാനത്തും ആണ്. ശുശ്രൂഷയിൽ സംബന്ധിക്കുന്നവർ സാക്ഷികളും ആണ്. പൌരസ്ത്യ സഭയിൽ വധുവരന്മാര്‍ക്ക് മോതിരം ഇടുന്നതും, കിരീടം ധരിപ്പിക്കുന്നതും ദൈവത്തിന്റെ പ്രതിപുരുഷൻ ആയ പുരോഹിതൻ ആണ്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ സ്ഥാനപതിയായ പുരോഹിതന്‍ ഇല്ലാതെ ക്രൈസ്തവ വിവാഹം പൂര്ന്നമാകുന്നില്ല. ഒപ്പം ഇതുപോലെ വിവാഹ ശ്രുശ്രൂഷ സ്വീകരിക്കാതെ വിവാഹം നടന്നു എന്ന വിചാരത്താല്‍ ദാമ്പത്യജീവിതം നടത്തുന്നവര്‍ ചെയ്യുന്നത് വ്യഭിചാരം ആണ്.