April 25, 2013

യാമപ്രാര്‍ത്ഥനകളുടെ അടിസ്ഥാനം

source : catholicatenews.in

ദൈവസംസര്‍ഗ്ഗമാണല്ലോ ആരാധന. വാക്കുകളും, ശബ്ദവും, സംഗീതവും ആരാധകന്റെ മനസ്സും ശാരീരിക നിലയും പോലെ തന്നെ ആരാധനയിലെ സുപ്രധാന ഘടകങ്ങളാണ്. സമയവും ആരാധനസ്ഥലവും. ഇവ ഓരോന്നും ഈശ്വരാനുഭൂതി പ്രകടിപ്പിക്കാനുളള മാദ്ധ്യമങ്ങള്‍ കൂടിയാണ്.

ആശയസംവേദനത്തിനും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുമുമ്പുളള ഉപാധിയാണല്ലോ ഭാഷ. ആരാധനയ്ക്കും തനതായ ഭാഷയും ശൈലിയുമുണ്ട്. ആരാധനഭാഷയെന്ന് പറഞ്ഞാല്‍ മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ മാത്രമല്ല അതില്‍പ്പെടുന്നത്. സമയവും ആരാധനസ്ഥലത്തിന്റെ ഘടനയും(Time and Space) അതിന്റെ ഭാഗങ്ങളാണ്.
സമയം യഹൂദ - ക്രൈസ്തവ പാരമ്പര്യങ്ങളില്‍
യഹൂദ - ക്രൈസ്തവ പാരമ്പര്യങ്ങളെയും സമയത്തെയും ചരിത്രത്തെയും ഗൌരവമായി കണക്കാക്കുന്നു. ദൈവം സ്വയം വെളിപ്പെടുത്തിയത് ചരിത്രസംഭവങ്ങളിലൂടെയാണ്. യഹൂദ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ് ഈജിപ്തില്‍ നിന്നുളള വിമോചനവും ന്യായപ്രമാണം ലഭിച്ചതും. പെസഹാ, പെന്തിക്കോസ്തി എന്നീ പെരുന്നാളുകളില്‍ ഈ സംഭവങ്ങളാണ് അനുസ്മരിച്ചിരുന്നത്. ദൈവം ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഈ രണ്ട് സംഭവങ്ങളും. രാജ്യത്വത്തിന്റെ സ്ഥാപനം, ദേവാലയ സ്ഥാപനം, അസീറിയന്‍-ബാബിലോണിയന്‍ പ്രവാസങ്ങള്‍, പ്രവാസത്തിന് ശേഷം ദേവാലയവും ആരാധനയും പുനസ്ഥാപിക്കപ്പെട്ടത് തുടങ്ങി എല്ലാ ചരിത്ര സംഭവങ്ങളും ദൈവഹിത പ്രകാരമുളളവയാണെന്ന് യഹൂദന്മാര്‍ വിശ്വസിച്ചിരുന്നു. മശിഹായുടെ വരവും ചരിത്രത്തിന്റെ ഭാഗമായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.

ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ക്രിസ്തീയ സഭയും ചരിത്രത്തെ അതായത് കാലത്തെ സുപ്രധാനമായി കണക്കാക്കി. പൊന്തിയോസ് പീലാത്തോസിന്റെ കാലത്ത് യേശു കുരിശില്‍ തറയ്ക്കപ്പെട്ടുവെന്ന് വിശ്വാസപ്രമാണത്തില്‍ പ്രത്യേകം പറയുന്നത് മനുഷ്യാവതാരത്തിന്റെ ചരിത്രപരമായ അടിസ്ഥാനവും പ്രാധാന്യവും ചൂണ്ടിക്കാണിക്കാനാണ്.

ദിവസം, ആഴ്ച്ച, വര്‍ഷം എന്നിങ്ങനെ സമയത്തിന്റെ വിവിധ ഘടകങ്ങളെ ആസ്പദമാക്കിയായിരുന്നു ആരാധന ക്രമീകരിച്ചിരുന്നത്. ക്രിസ്തീയ സഭയും ഇതേ അടിസ്ഥാന ഘടന ആരാധനയില്‍ സ്വീകരിച്ചിരിക്കുന്നു. നമുക്ക് രക്ഷാഹേതുവായിത്തീര്‍ന്ന യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷ, കുരിശുമരണം, ഉത്ഥാനം, സ്വര്‍ഗ്ഗാരോഹണം എന്നീ ചരിത്രസംഭവങ്ങളെ ആരാധനയില്‍ നാം അനുസ്മരിക്കുന്നു.

യഹൂദ ആരാധനയില്‍ ദൈവം പ്രവര്‍ത്തിച്ച രക്ഷാസംഭവങ്ങള്‍ അനുസ്മരിച്ചിരുന്നു. പെസഹാ, ന്യായപ്രമാണം വഴി ദൈവം ചെയ്ത ഉടമ്പടി തുടങ്ങിയ സംഭവങ്ങളുടെ അനുസ്മരണത്തിനുളള അവസരമായി ഓരോ ആരാധനയും അവര്‍ വിനിയോഗിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ അനുസ്മരണത്തിനുളള മാദ്ധ്യമം ആണ് സമയം.

ഭൂതകാലത്തില്‍ ദൈവം നിവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തികള്‍ ആരാധനയില്‍ വര്‍ത്തമാനകാലം എന്ന നിലയില്‍ ഓരോ യഹൂദനും അനുഭവിച്ചറിഞ്ഞു. സ്യഷ്ടിയുടെ പൂര്‍ത്തീകരണത്തിന് ശേഷം ദൈവം”വിരമിച്ച” ദിവസമായ ശാബത്ത് ആരാധനക്കായി യഹൂദന്മാര്‍ വേര്‍തിരിച്ചു. രക്ഷാപ്രവര്‍ത്തികളുടെ അനുസ്മരണത്തിനുളള ദിവസമായിരുന്നു ശാബത്ത്. അതേ മാത്യകയില്‍ ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിവസം ഏറ്റവും വലിയ രക്ഷാകര സംഭവമായ ഉത്ഥാനത്തിന്റെ അനുസ്മരണത്തിനുളള ദിവസമായി അപ്പോസ്തോലന്‍മാര്‍ ആചരിച്ചു.

ഉയിര്‍പ്പും സമയത്തിന്റെ ശുദ്ധീകരണവും

ഒന്നാമത്തെ സ്യഷ്ടിയെപ്പറ്റി ഉല്‍പ്പത്തി പുസ്തകവും, ക്രിസ്തുവിന്റെ ഉയിര്‍പ്പിനെപ്പറ്റി സുവിശേഷങ്ങളും നല്‍കുന്ന വിവരണങ്ങള്‍ തമ്മില്‍ അവഗണിക്കാനാവാത്ത സാമ്യമുണ്ട്. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. വെളിച്ചം ഉണ്ടായി...സന്ധ്യയായി ഉഷസുമായി ഒന്നാം ദിവസം(ഉല്‍പ 1.3-5).

ദൈവം അന്ധകാരത്തെയും പ്രകാശത്തെയും തമ്മില്‍ വേര്‍തിരിച്ച സമയത്ത് അതായത് ഒന്നാം ദിവസം പ്രഭാതത്തില്‍ ശിഷ്യന്‍മാര്‍ ശൂന്യമായ കല്ലറ കണ്ടെത്തിയെന്ന് സുവിശേഷകന്മാര്‍ പ്രത്യേകം രേഖപ്പെടുത്തുന്നു. സ്യഷ്ടിയുടെ ആരംഭത്തില്‍, പ്രഭാതത്തിന് രൂപം നല്‍കിയവര്‍, പുതിയ സ്യഷ്ടിയുടെ ആരംഭമായ ഉത്ഥാനദിനത്തില്‍ കബറില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. സമയത്തിന് അടിസ്ഥാനമിട്ടവന്‍ തന്റെ ഉയിര്‍പ്പിലൂടെ സമയത്തെ ശുദ്ധീകരിക്കുകയും അതിന്റെ പ്രാധാന്യം വെളിപ്പെടുത്തുകയും ചെയ്തു.

ഉയിര്‍പ്പിന്റെ ദിനമായ ഞായറാഴ്ച്ച ആരാധനയ്ക്കായി ആദിമസഭ വേര്‍തിരിച്ചുവെന്ന് മൂന്ന് പുതിയ നിയമഭാഗങ്ങള്‍ വ്യക്തമാക്കുന്നു. ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ സ്തോത്രകാഴ്ച്ചയ്ക്കായി പണം മാറ്റിവയ്ക്കുവാന്‍ വി. പൌലോസ് കൊരിന്തിലെ ക്രൈസ്തവരെ ഉദ്ബോധിപ്പിക്കുന്നു. (1.കൊരി 16.2)

ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ ആരാധനയിലൂടെ പ്രധാന ഘടകം”അപ്പം നുറുക്കല്‍” അഥവാ വി. കുര്‍ബ്ബാനയര്‍പ്പണമായിരുന്നു. ത്രോവാസിലെ ഞായറാഴ്ച്ച ആചരണത്തെപ്പറ്റി വി. ലൂക്കോസ് അപ്പോസ്തോല പ്രവര്‍ത്തികളില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.”ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടി വന്നപ്പോള്‍ പൌലോസ്.....സംഭാഷിച്ചു. പാതിരാ വരെയും പ്രസംഗം നീട്ടി”(അപ്പോ. പ്ര. 20.7-11). അവരുടെ കൂടി വരവിന്റെ ലക്ഷ്യം പ്രസംഗം കേള്‍ക്കലല്ലായിരുന്നു. പ്രത്യുത അപ്പം നുറുക്കല്‍ ആയിരുന്നു.

വി.യോഹന്നാന്‍ പത്മോസില്‍ വച്ച് വെളിപാടുണ്ടായത് കര്‍ത്യ ദിനത്തിലായിരുന്നു.(വെളി 1.10) കര്‍ത്യദിനവും(Lord,s day) (വെളി 1.10), കര്‍ത്താവിന്റെ അത്താഴവും(Lord,s supper) (1 കൊരി 11.20) തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പുതിയനിയമത്തില്‍ Kuriake (=Lord’s = കര്‍ത്താവിന്റെ) എന്ന വിശേഷണ രൂപം മേല്‍പറഞ്ഞ രണ്ട് ഭാഗങ്ങളില്‍ മാത്രമേ ഉപയോഗിച്ച് കാണുന്നുളളു. ഞായറാഴ്ച്ചയ്ക്ക് കര്‍ത്യദിനം എന്ന പേരുണ്ടായത് കര്‍ത്താവിന്റെ അത്താഴം കഴിക്കാനുളള ദിവസമായതുകൊണ്ടാണ്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനോടുകൂടെ അത്താഴം കഴിക്കുന്ന അനുഭവമായിട്ടാണ് വി. കുര്‍ബ്ബാനയെ അപ്പോസ്തോലിക സഭ കണക്കാക്കിയിരിക്കുന്നത്.(വി. ലൂക്കോ. 24.30 വെളി. 3.20)

അന്ത്യോക്യായിലെ വി. ഇഗ്നാത്തിയോസ് മഗ്നീഷ്യയിലെ വിശ്വാസികള്‍ക്ക് എഴുതിയ ലേഖനത്തിലും ഡിഡാക്കെ എന്ന ലേഖനത്തിലും ഞായറാഴ്ച്ചയ്ക്ക് കര്‍ത്യദിനം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച്ച ആചരണത്തിലൂടെ ആഴ്ച്ചവട്ടത്തിലെ ഒരു ദിവസം അതായത് സമയത്തിന്റെ ഏഴിലൊന്ന് നാം ദൈവത്തിനായി സമര്‍പ്പിക്കുന്നു.

യാമപ്രാര്‍ത്ഥനകളും സമയത്തിന്റെ ശുദ്ധീകരണവും

ഞായറാഴ്ച്ച ആചരണത്തിന് പുറമേ സാധാരണ ദിവസങ്ങളിലും ആരാധനയ്ക്കായി പ്രത്യേക ക്രമീകരണം ആദിമസഭ ഏര്‍പ്പെടുത്തി. കര്‍ത്യപ്രാര്‍ത്ഥന ദിവസം മൂന്ന് തവണ ഉരുവിടാന്‍”ഡിഡാക്കെ’ ഉദ്ബോധിപ്പിക്കുന്നു. വൈകുന്നേരവും കാലത്തും ഉച്ചയ്ക്കും ദൈവത്തെ വിളിച്ചപേക്ഷിച്ച സങ്കീര്‍ത്തനക്കാരന്റെ മാത്യകയില്‍ ആയിരിക്കണം ഇത്(സങ്കീ.55.17, ദാനി 6.10 കാണുക)

നിന്റെ നീതിയുളള വിധികള്‍ നിമിത്തം ഞാന്‍ ദിവസം ഏഴുപ്രാവശ്യം നിന്നെ സ്തുതിക്കുന്നു(സങ്കീ 119. 164) എന്നുളള വേദഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴുയാമങ്ങളിലായി ദിവസത്തെ ക്രമീകരിച്ചിരിക്കുന്നത്. അര്‍ദ്ധരാത്രിയിലും (119.62) ഉദയത്തിന് മുമ്പും (119.147) പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി ഇതേ സങ്കീര്‍ത്തനത്തില്‍ സൂചനകളുണ്ട്.

സമയത്തെ ദൈവത്തിന് സമര്‍പ്പിക്കുകയാണ് യാമപ്രാര്‍ത്ഥനകളുടെ ലക്ഷ്യം.ഏഴുയാമങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ അര്‍ത്ഥം ദിവസം മുഴുവന്‍, അതായത് നമ്മുടെ സമയം(ജീവിതം) മുഴുവന്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു എന്നാണ്. സമയത്തെ ശുദ്ധീകരിക്കുകയാണ് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം എന്നു പറയാറുണ്ട്.നമ്മുടെ സമയത്തെ അതായത് നമ്മുടെ ജീവിതകാലത്തെ(നമ്മെത്തന്നെ)ശുദ്ധീകരിക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥം

മൂന്നാം നൂറ്റാണ്ടില്‍ ഓരോ യാമത്തിലും പ്രാര്‍ത്ഥിക്കുന്നതിന്റെ വേദപുസ്തകാടിസ്ഥാനം സഭ ചൂണ്ടിക്കാണിച്ചു തുടങ്ങി. പരിശുദ്ധാത്മാവ് ശിഷ്യരുടെമേല്‍ ആവസിച്ച് മൂന്നാം മണിക്കും(അ. പ്ര 2.15). പത്രോസിന് ദര്‍ശനം ഉണ്ടായത് ആറാം മണിക്കും(അ. പ്ര. 10.9) യോഹന്നാന്‍ പക്ഷപാതരോഗിയെ സൌഖ്യമാക്കിയത് ഒമ്പതാം മണിക്കും(അ. പ്ര. 3.1) ആയതിനാല്‍ ഈ സമയങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്നാണ് തെര്‍തുല്യര്‍ അനുശാസിക്കുന്നത്.

സിപ്രിയനും ഇതേ വിശദീകരണം നല്‍കുന്നു. ദാനിയേല്‍ ദിവസം മൂന്ന് തവണ പ്രാര്‍ത്ഥിച്ച മാത്യക അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.(ദാനി. 6.10) കര്‍ത്താവ് കുരിശുമരണത്തിലൂടെ നമ്മുടെ പാപങ്ങളെ കഴുകിക്കളഞ്ഞ് നമുക്ക് ജീവന്‍ നല്‍കിയത് ആറാം മണിക്കും മരണത്തിന്മേലുളള വിജയം താന്‍ പൂര്‍ത്തിയാക്കിയത് ഒമ്പതാം മണിക്കും ആകയാല്‍ ഈ സമയം പ്രാര്‍ത്ഥിക്കണമെന്ന് സിപ്രിയന്‍ നിര്‍ദേശിക്കുന്നു. അദ്ദേഹത്തിന്റം ചിന്തയില്‍ പ്രഭാത പ്രാര്‍ത്ഥന നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ആഘോഷമാണ്.

നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അപ്പോസ്തോലിക പ്രമാണങ്ങള്‍(Apostolic Constitution) എന്ന കാനോനിക സമാഹാരത്തില്‍ ഓരോ യാമത്തെയും പീഡാനുഭവ സംഭവങ്ങളുമായി ബന്ധിച്ചിരിക്കുന്നു.

പ്രഭാതത്തിലും,മൂന്നാം മണിയിലും,ആറാം മണിയിലും,ഒമ്പതാം മണിയിലും,സന്ധ്യയ്ക്കും കോഴി കൂവുമ്പോള്‍ പ്രാര്‍ത്ഥിക്കുക. രാത്രിക്ക് ശേഷം പുതിയ പ്രഭാതത്തില്‍ പ്രകാശം നല്‍കിയതിനായി രാവിലെ ദൈവത്തെ സ്തുതിക്കുക. പീലാത്തോസില്‍ നിന്ന് കര്‍ത്താവ് വിധിയേറ്റതിനാല്‍ മൂന്നാം മണിയിലും യഹൂദന്മാരുടെ ക്രൂരതയാല്‍ കര്‍ത്താവിന് ഉണ്ടായ പീഡനങ്ങള്‍ കണ്ട് സഹിക്കാനാവാതെ ഭൂമി ഞെട്ടിവിറച്ചതിനാല്‍ ഒമ്പതാം മണിയിലും സ്തുതിക്കണം. പകല്‍സമയത്തെ അദ്വാനങ്ങളില്‍ നിന്നും വിശ്രമിക്കാന്‍ അവസരം നല്‍കിയതിനാല്‍ സന്ധ്യയ്ക്കും, പ്രകാശത്തിന്റെ പ്രവര്‍ത്തികള്‍ക്കായുളള അവസരം ലഭിച്ചിരിക്കുന്നതിനാല്‍ കോഴികൂവുന്ന സമയത്തും ദൈവത്തെ സ്തുതിക്കണം.

ഇതേരീതിയിലുളള വിശദീകരണങ്ങള്‍ നാലാം നൂറ്റാണ്ട് മുതല്‍ക്കുളള മിക്ക രേഖകളിലും കാണുന്നുണ്ട്.

സമയം ഈശ്വരസ്യഷ്ടിയും ദൈവത്തിന്റെ ദാനവുമാണ്. ദീര്‍ഘായുസ്സ് വലിയ ദൈവാനുഗ്രഹമായിട്ടാണ് പഴയനിയമ കാലത്ത് കണക്കാക്കിയിരുന്നത്. ദൈവത്തിന്റെ ഏറ്റവും വലിയ ദാനമായ സമയം ദൈവത്തിന് സമര്‍പ്പിക്കുകയാണ് ആരാധനയുടെ സുപ്രധാനമായ ഒരു ഘടകം. നിത്യരാജ്യത്തിന്റെ പ്രത്യേകത സമ്പൂര്‍ണ്ണമായ ഈശ്വരാനുഭവമാണ്. പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുന്ന സമയം, ദൈവസംസര്‍ഗ്ഗവും, അതിലൂടെ നിത്യതയുടെ മുന്നറിവും നമുക്ക് സംലഭ്യമായിത്തീരുന്നു.