January 14, 2014

ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും (Syriac Words and Meanings)

നമ്മുടെ ആരാധനാക്രമങ്ങള്‍ എല്ലാം സുറിയാനി ക്രമങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്തതാണ്. ഒട്ടുമിക്ക ശുശ്രൂഷകളുടെയും ക്രമങ്ങളുടെയും പാട്ടുകളുടെയും മലയാളം പരിഭാഷ ഇന്ന് നമുക്ക് ലഭ്യമാണ്. ചില പദങ്ങളും പദസമുച്ചയങ്ങളും നാം ഇപ്പോഴും സുറിയാനില്‍ തന്നെ ഉപയോഗിക്കുന്നു.

ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും (Syriac Words and Meanings)

നമ്മുടെ ആരാധനാക്രമങ്ങള്‍ എല്ലാം സുറിയാനി ക്രമങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്തതാണ്. ഒട്ടുമിക്ക ശുശ്രൂഷകളുടെയും ക്രമങ്ങളുടെയും പാട്ടുകളുടെയും മലയാളം പരിഭാഷ ഇന്ന് നമുക്ക് ലഭ്യമാണ്. ചില പദങ്ങളും പദസമുച്ചയങ്ങളും നാം ഇപ്പോഴും സുറിയാനില്‍ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ചില സുറിയാനി പദങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ചും നമുക്ക് വായിക്കാം. സഭയുടെ പുസ്തകങ്ങളില്‍ ഇവ ലഭ്യമാണ് എങ്കിലും പെട്ടെന്നുള്ള ഒരു റെഫറന്‍സിന് ആണ് ഈ ലേഖനത്തില്‍ അവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുസ്തകങ്ങളില്‍ നല്‍കാത്ത ചില വിവരണങ്ങളും ഒപ്പം നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

എന്തിന് ചില സുറിയാനി പദങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നു?

എന്തിന് ചുരുക്കം ചില പദങ്ങള്‍ നാം സുറിയാനിയില്‍ തന്നെ ഉപയോഗിക്കുന്നു? പ്രധാന കാരണങ്ങള്‍ ഇവയൊക്കെയാണ്:

  1. പ്രസ്തുത സുറിയാനി പദങ്ങള്‍ക്ക് അതേ അര്‍ഥങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന മലയാളപദങ്ങളുടെ ദൌര്‍ലഭ്യം. ഉദാഹരണം: ശ്ലോമോ (ഹീബ്രുവില്‍ ശാലോം) എന്ന വാക്കിന് തത്തുല്യമായ പദം മലയാളത്തില്‍ ഇല്ല. “സമാധാനം” എന്ന് പരിഭാഷപ്പെടുത്തുമെങ്കിലും ശ്ലോമോയുടെ പൂര്‍ണ്ണ അര്‍ഥം ഉള്‍ക്കൊള്ളുവാന്‍ പ്രസ്തുത വാക്കിന് സാധിക്കില്ല.
  2. ചില സുറിയാനി പദങ്ങള്‍ അതേ അര്‍ത്ഥത്തില്‍ പരിഭാഷപ്പെടുത്തണം എങ്കില്‍ മലയാളത്തില്‍ പല വാക്കുകള്‍ ഉപയോഗിക്കേണ്ടി വരും. ഉദാ: ബാറെക്മോര്‍ = കര്‍ത്താവേ വാഴ്ത്തണമേ. ഇത് പാട്ടുകളിലും ഈണമായി ചൊല്ലുന്ന ഭാഗങ്ങളിലും ഉപയോഗിക്കുമ്പോള്‍ താളവും ഇമ്പവും മുറിഞ്ഞുപോയേക്കാം.
  3. സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുന്ന നാം ചില സുറിയാനി സംസ്കാരങ്ങള്‍ ഇനിയും കൈവിടാതെ പിന്തുടരുന്നു.

ബൈബിള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ തന്നെ പല വാക്കുകകളും മൂലഭാഷയില്‍ തന്നെ നിലനിര്‍ത്തുന്നത് കാണാന്‍ കഴിയും. ഉദാ: അമേന്‍ , ഹാലേലുയ്യ മുതലായവ.

പലര്‍ക്കും അര്‍ഥം മനസ്സിലാകുന്നില്ലല്ലോ?

സുറിയാനി വാക്കുകളുടെ അര്‍ഥം മനസ്സിലാകാത്തതിന് സഭയെയോ സഭാധികാരികളെയോ പൂര്‍ണമായി പഴിപറയുന്ന ഒരു പ്രവണത ചിലപ്പോള്‍ സഭാ ജനങ്ങളിലോ സഭക്ക് പുറത്ത് പോയവരിലോ കാണാറുണ്ട്‌. ആദ്യം പറഞ്ഞപോലെ തന്നെ അവരും അമേന്‍ , ഹാലേലുയ്യ മുതലായ പദങ്ങളും ഉപയോഗിക്കാറുണ്ട് എന്നതാണ് രസകരം! ഇവയുടെ അര്‍ഥം എങ്ങനെ അവര്‍ക്ക് മനസ്സിലായി? സ്വയ പരിശ്രമം കൊണ്ട് തന്നെ. അല്ലെ? അങ്ങനെയെങ്കില്‍ അറിവില്ലാത്തവര്‍ അറിവുള്ളവരോടോ പുരോഹിതരോടോ മറ്റോ ചോദിക്കാന്‍ അല്‍പ്പം സമയം ചെലവഴിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. തന്നെയുമല്ല സണ്ടേസ്കൂള്‍ ക്ലാസ്സുകളില്‍ സാധാരണ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ഥങ്ങള്‍ എല്ലാം തന്നെ പഠിപ്പിക്കുന്നുമുണ്ട്. സഭയുടെ പ്രാര്‍ഥനാപുസ്തകങ്ങളില്‍ എല്ലാം തന്നെ ഈ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. ഈ സാധ്യതകള്‍ ഒന്നും ഉപയോഗിക്കാതെയാണ് വിമര്‍ശകര്‍ അര്‍ഥം മനസ്സിലാകുന്നില്ല എന്ന് പറയുന്നത്. ഈ ലേഖനത്തിലും ഏതാനും ചില പദങ്ങളുടെ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

ചില പദങ്ങളും അര്‍ത്ഥങ്ങളും

ആരാധനയില്‍ ഉപയോഗിക്കുന്ന ചില സുറിയാനി പദങ്ങളുടെ അര്‍ഥങ്ങള്‍ കൊടുക്കുന്നു. പരിഭാഷയില്‍ പരമാവധി മൂലഭാഷയോട് നീതി പുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

ആമീന്‍ = അപ്രകാരം തന്നെ സത്യം

“ആമേന്‍ “  എന്ന എബ്രായ പദത്തിന്റെ സുറിയാനി രൂപമാണ് ആമീന്‍ . ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരര്‍ത്ഥം ഇതിനു പിന്നിലുണ്ട്. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അവസാനം ആമീന്‍ പറയുന്നതിന്റെ അര്‍ഥം നാം ആ പ്രാര്‍ഥനകള്‍ ശ്രദ്ധിച്ചു എന്നും ഹൃദയത്തില്‍ ഉള്‍ക്കൊണ്ടു എന്നും അപ്രകാരം വിശ്വസിക്കുന്നു എന്നും അപ്രകാരം പ്രാര്‍ഥിക്കുന്നു എന്നും ആണ്. എല്ലാരും ഉറച്ചു ഉച്ചത്തില്‍ ആമീന്‍ പറയുന്നതിലൂടെ ആരാധനയുടെ സൌന്ദര്യവും വര്‍ദ്ധിക്കുന്നു.

ആബോ = പിതാവ്

ആബൂന്‍ = ഞങ്ങളുടെ പിതാവ്

ബ്രോ = പുത്രന്‍

റൂഹോ = ആത്മാവ്

കാദീശോ = വിശുദ്ധന്‍ , പരിശുദ്ധന്‍

ആലോഹോ = ദൈവം

മൊര്‍യോ = കര്‍ത്താവ്

മോറാന്‍ = ഞങ്ങളുടെ കര്‍ത്താവ്

മ്ശീഹോ = അഭിഷിക്തന്‍ , ക്രിസ്തു

ആഹായ് = എന്റെ സഹോദരങ്ങളേ

ഹാബീബായ് = എന്റെ വാത്സല്യമുള്ളവരേ (my beloved ones)

ആനീദോ = വാങ്ങിപ്പോയ ആള്‍  (മരിച്ച വ്യക്തി)

ഇതിന്റെ ബഹുവചനമാണ് ‘ആനീദേ’ എന്നുള്ളത്

കുര്‍ബോനോ = ബലി

കുര്‍ബാന എന്നത് ഇതിന്റെ മറ്റൊരു രൂപമാണ്.

ഏവന്‍ഗെലിയോന്‍ = സുവിശേഷം

ευαγγέλιον (euangélion) എന്ന ഗ്രീക്ക് വാക്കിന്റെ സുറിയാനി തത്സമം (തത്സമം എന്നാല്‍ ഒരു ഭാഷയില്‍ നിന്ന് ഒരു വാക്ക് യാതൊരു മാറ്റവും കൂടാതെ മറ്റൊരു ഭാഷയില്‍ വരുന്നത്). ഗ്രീക്ക് വാക്കിന്റെ അര്‍ഥം “അനുഗ്രഹിക്കപ്പെട്ട പ്രഖ്യാപനം”.

ഒറൈത്താ = പഞ്ചഗ്രന്ഥങ്ങള്‍

പഴയ നിയമത്തിലെ മോശയുടെ പാരമ്പര്യമുള്ള ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങള്‍. ‘തോറ’ എന്നാണു യഹൂദന്മാര്‍ വിളിക്കുന്നത്‌.

പ്രക്സീസ് = പ്രവൃത്തികള്‍

അപ്പോസ്തോലന്മാരുടെ പ്രവൃത്തികളെ വിളിക്കുന്ന പേര് . πρᾶξις (praxis) എന്ന ഗ്രീക്ക് വാക്കിന്റെ തത്സമം.

ഹാലേലുയ്യ = കര്‍ത്താവിനു സ്തുതി

הַלְּלוּיָהּ (halleluya) എന്ന പദത്തിന്റെ സുറിയാനി തത്ഭവം. (തത്ഭവം – ഒരു ഭാഷയില്‍ നിന്ന് ഒരു വാക്ക് ചെറിയ മാറ്റത്തോട് കൂടെ മറ്റൊരു ഭാഷയില്‍ വരുന്നത് ). ഹല്ലേലു + യാഹ് എന്നതിന് ‘യഹോവേ നിനക്ക് സ്തുതി ‘ എന്നര്‍ത്ഥം.

സ്തൌമെന്‍കാലോസ് = നാം നല്ലവണ്ണം നില്‍ക്കണം

σταυμεν καλός (staumen  kalos) എന്ന ഗ്രീക്ക് വാക്കിന്റെ തത്സമം. ആരാധനയില്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ പങ്കെടുക്കണം എന്ന അര്‍ത്ഥത്തില്‍ ആണ് ഈ പ്രഖ്യാപനം.

കുറിയേലായിസോന്‍ = കര്‍ത്താവേ! ഞങ്ങളോട് കരുണയുണ്ടാകണമേ

Κύριε, ἐλέησον (Kyrie eleison) എന്ന ഗ്രീക്കിന്റെ തത്സമം. കൂറിയോസ് (Kyrios) എന്നാല്‍ കര്‍ത്താവ്‌ എന്നര്‍ത്ഥം. പാശ്ചാത്യ സഭയും ആരാധനയില്‍ ഈ പ്രസിദ്ധമായ പ്രാര്‍ത്ഥന ഉപയോഗിക്കുന്നുണ്ട്.

സ്ലീബോ = കുരിശ്

‘സ്ലീബാ’ എന്നത് ഇതിന്റെ വാമൊഴി പ്രയോഗമാണ്.

റൂശ്മ = അടയാളം

ശ്ലോമോ = സമാധാനം, ശാന്തി

മനസ്സിന്റെയും ആത്മാവിന്റെയും സമ്പൂര്‍ണ്ണ സ്വച്ഛതയാണ് ‘ശ്ലോമോ’ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ‘സമാധാനം’ എന്നത് നല്ല ഒരു പരിഭാഷയല്ല. സമാധാനം ഭൌതീകമായ ഒരു അനുഭവമാണ്. ശ്ലോമോ എന്നത് ആന്തരീകവും. ‘ശാന്തി’ എന്ന പദമാണ് കൂടുതല്‍ പരിഭാഷയ്ക്ക് ഇണങ്ങുന്നത്.

ശൈനോ = സംപ്രീതി

റഹ്മോ = കരുണ

ശ്ലീഹോ = അയക്കപ്പെട്ടവന്‍ , അപ്പോസ്തോലന്‍

നിബിയേ = പ്രവാചകന്‍മാര്‍

സഹദാ = രക്തസാക്ഷി

കര്‍ത്താവിനു വേണ്ടി കൊടിയ പീഡനം അനുഭവിച്ചവരും പീഡയില്‍ മരണപ്പെട്ടവരും

മൌദ്യാനോ = സാക്ഷി

കര്‍ത്താവിനു വേണ്ടി കൊടിയ പീഡനം അനുഭവിച്ചവരും പിന്നീട് കര്‍ത്താവില്‍ സാധാരണ മരണം  പ്രാപിച്ചവരും.

ബാറെക്മോര്‍ = കര്‍ത്താവേ വാഴ്ത്തണമേ, ഗുരോ അനുവദിക്കണമേ

ജനങ്ങളുടെ തലവനായ പുരോഹിതനോട് ചോദിക്കുന്ന അനുവാദം ആണിത്. ഏതൊരു പരസ്യവായനയ്ക്ക് മുന്‍പും വായിക്കുന്ന ആള്‍ ഈ അനുവാദം ചോദിക്കുന്നു. കൂടാതെ “ശുബ്ഹോ ലാബോ ….” എന്ന് ചൊല്ലുന്നതിനു മുന്‍പും ജനങ്ങള്‍ ‘ആശീര്‍വദിക്കണമേ’ എന്ന അര്‍ത്ഥത്തില്‍ ബാറെക്മോര്‍ പറയുന്നു.

ശുബ്ഹോ ലാബോ ഉലബ്രോ വല്‍റൂഹോ കാദീശോ = പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി

നമ്മുടെ ആരാധനയില്‍ ഇപ്പോഴും കടന്നു വരുന്നത്. നമ്മുടെ വിശ്വാസത്തിനു ‘സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം’ (ഓര്‍ത്തോഡോക്സ്) എന്ന പേര് വരാന്‍ കാരണം ഈ സ്തുതിപ്പാണ്. ‘പിതാവിനും പുത്രനും  പരിശുദ്ധ റൂഹായ്ക്കും സ്തുതി’ എന്നതാണ് ചോവ്വാക്കപ്പെട്ട സ്തുതി (straight/ true praise). ആദിമ കാലങ്ങളില്‍ ഇത് ചൊല്ലി പുരോഹിതന്‍ ജനങ്ങള്‍ക്ക്‌ നേരെ റൂശ്മ ചെയ്തു വാഴ്ത്തിയിരുന്നു. അതുകൊണ്ടാണ് ഇത് ചൊല്ലുന്നതിനു മുന്‍പ് പുരോഹിതനോട് ജനങ്ങള്‍ ‘ബാറെക്മോര്‍’ എന്ന് പറയുന്നത്. ഇപ്പോള്‍ ഇത് ചൊല്ലുംബോള്‍ എല്ലാവരും സ്വയം കുരിശുവരയ്ക്കുന്നു.

മെന്‍ ഓലം വാദാ മൊല് ഓലം ഒല്മീന്‍ = ആദിമുതല്‍ക്കെ എന്നെന്നേക്കും തന്നേ

‘ശുബഹോ ലാബോ …” എന്നതിന്റെ മറുപടിയായി ജനങ്ങള്‍ ചെല്ലുന്നത്. ‘പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കുമുള്ള സ്തുതി ആദിമുതല്‍ എന്നെന്നേക്കും തന്നെ’ എന്നാണു രണ്ടും ചേര്‍ത്ത് കഴിയുമ്പോള്‍ ഉള്ള അര്‍ഥം. ഇവിടെ സുറിയാനിയില്‍ ‘അനന്തമായി അവസാനിക്കാത്ത ‘ എന്ന രീതിയില്‍ ആണ് പ്രയോഗം. ശരിയായ പരിഭാഷ മലയാളത്തില്‍ സാധ്യമല്ല.

ഹോശോ വബ് കൂല സ്ബാന്‍ ല് ഒല്മീന്‍ = ഇപ്പോഴും ഇപ്പോഴും എന്നെന്നേക്കും തന്നേ

ഇവിടെയും ‘അനന്തമായി’ എന്ന രീതിയില്‍ ആണ് സുറിയാനി ഉപയോഗം. മുഴുവന്‍ അര്‍ത്ഥവും ഉള്‍ക്കൊണ്ടു മലയാള പരിഭാഷ സാധ്യമല്ല. ‘ഞങ്ങള്‍ നിനക്കും നിന്റെ ഏകജാതനും പരിശുദ്ധറൂഹായ്ക്കും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കുന്നു…’ എന്നത് കഴിഞ്ഞാണ് സാധാരണ ഇത് വരുക.

മൊര്‍യോ റാഹേം അലയ്ന്‍ വ്ആദാറയ്ന്‍ = കര്‍ത്താവേ! കരുനതോന്നി ഞങ്ങളെ സഹായിക്കണമേ

മോറാന്‍ വാലോഹാന്‍ ല് ഒല്മീന്‍ = ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവുമേ, എന്നെന്നേക്കും തന്നേ.

മോറാന്‍ എസറാഹാം അലയ്ന്‍ = കര്‍ത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ

മോറാന്‍ ഹുസ്റാഹേം അലയ്ന്‍ = കര്‍ത്താവേ കൃപയുണ്ടായി ഞങ്ങളോട് കരുണയുണ്ടാകണമേ

മോറാന്‍ അനിനുറാഹേം അലയ്ന്‍ = കര്‍ത്താവേ ഉത്തരം അരുളി ഞങ്ങളോട് കരുണയുണ്ടാകണമേ

ദുഖ്റോനോ = ഓര്‍മ്മ

എപ്പിസ്കോപ്പ = ബിഷപ്പ്

കാശീശോ = പുരോഹിതന്‍

യല്‍ദോ = ജനനം

ദെനഹാ = ഉദയം

ഊശാനാ = ഞങ്ങളെ രക്ഷിക്കണമ!

הושיעה־נא (hôshia-nā’) എന്ന എബ്രായ  വാക്കിന്റെ തത്ഭവം.

ക്യംതാ = ഉയിര്‍പ്പ്

സൂലോക്കോ = സ്വര്‍ഗ്ഗാരോഹണം

ശൂനോയോ = (വി. മാതാവിന്റെ) ഉറക്കം/ വാങ്ങിപ്പ്   – Dormition

പ്രുമിയോന്‍ = ആമുഖം , മുഖവുര

തുടര്‍ന്ന് വായിക്കാന്‍ പോകുന്ന സെദറായുടെ ആമുഖം ആണ് ഇത്. ചുരുക്ക രൂപത്തില്‍ സെദറായുടെ  ആകെയുള്ള അര്‍ഥം ചുരുക്കി നല്‍കുന്നു.

സെദറാ = ക്രമം

പ്രുമിയോന്‍ കഴിഞ്ഞു വരുന്നു. എല്ലാ ആരാധനയിലും ഉപയോഗിക്കപ്പെടുന്നു. ഏതു ആരാധനയോ പെരുന്നാളോ ആണോ, അതിന്റെ പ്രാധാന്യവും വേദപുസ്തക പാശ്ചാത്തലവും വ്യാഖ്യാനവും പ്രാര്‍ഥനകളും അടങ്ങിയ വായന.

ഹൂസോയോ = പാപപരിഹാര പ്രാര്‍ത്ഥന

എത്രോ = ധൂപം വച്ചുള്ള പ്രാര്‍ത്ഥന

തുബ്ദേന്‍ = എന്നാല്‍ വീണ്ടും

വിശുദ്ധ കുര്‍ബാനയില്‍ വരുന്ന മധ്യസ്ഥ പ്രാര്‍ഥനകള്‍. ഈ പ്രാര്‍ഥനകള്‍ സുറിയാനിയില്‍ ‘തുബ്ദേന്‍ …’ എന്നാണു തുടങ്ങുന്നത്. യഥാര്‍ത്ഥ നാമം ‘ദീയാഫ്തൂക്കോ’. Diptych എന്നാണു ഇംഗ്ലീഷ്. δίπτυχον (diptykon) എന്ന ഗ്രീക്ക് വാക്കിന് രണ്ടു മടക്ക്‌ / ഫലകം എന്ന് അര്‍ഥം.  മരത്തിലോ മെഴുകിലോ മറ്റോ പേരുകള്‍ രണ്ടു ഫലകങ്ങളില്‍ ആക്കി എഴുതി ആയിരുന്നു ആദിമ കാലത്ത് ഈ പ്രാര്‍ഥനകള്‍ നടത്തിയിരുന്നത്.

ചുരുക്കത്തില്‍

നമ്മുടെ ആരാധനകളില്‍ ഇപ്പോഴും ചില സുറിയാനി പദങ്ങള്‍ ഉപയോഗിക്കുന്നതിന്റെ കാരണവും സാധാരണ ഉപയോഗിക്കുന്ന ചുരുക്കം ചില പദങ്ങളുടെ അര്‍ത്ഥവും നാം കണ്ടു. കൂടുതല്‍ പദങ്ങള്‍ മറ്റു സഹായികള്‍ വഴി പഠിക്കാം. സുറിയാനി ഭാഷ പഠിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ഈ ലിങ്കില്‍ നിന്ന് സൌജന്യമായി പുസ്തകം ഡൌണ്‍ലോഡ് ചെയ്തു  പഠിക്കാം: First Studies in Syriac. (കൂടുതല്‍ സൌജന്യ പുസ്തകങ്ങള്‍ക്കായി നമ്മുടെ സൈറ്റിലെ ‘ബുക്കുകള്‍’ എന്ന സെക്ഷന്‍ കാണുക.) കൂടുതല്‍ പഠിക്കുവാനും അതുവഴി ആരാധനയില്‍ കൂടുതല്‍ ശ്രദ്ധയോടെയും ആത്മാര്‍ത്ഥതയോടെയും പങ്കെടുക്കാനും ദൈവം നമ്മെ ശക്തീകരിക്കട്ടെ!

Reference : http://www.carmelapologetics.org