May 15, 2013

മെയ്‌ 15 - കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മദ്ധ്യസ്ഥത

കതിരുകളേയോർത്തിടവത്തിൽ - വിത്തിനു മകരത്തിൽ
മുന്തിരിയെപ്രതി ചിങ്ങത്തിൽ - പെരുന്നാൾ മൂന്നേവം
വർഷം തോറും ഭാഗ്യവതി സ്മൃതിയായി
ഘോഷിക്കണമെന്നെഴുതപ്പെട്ടവയാം
കന്യകതൻ ഗ്രന്ഥങ്ങളുമായി - യുഹാനോൻ ശ്ലീഹാ
വന്നപ്പോഴെപ്പേസൂസ്സിൽ പനിമഴ വർഷിച്ചു
ഹാലെലൂയ്യ - അവൾ പ്രാർത്ഥന ശരണം.

പരിശുദ്ധ കന്യക മറിയാമേ, ഉന്നത സിംഹാസനത്തില്‍ തേജസില്‍ പ്രബലപെട്ടിരിക്കുന്നവനെ നിന്‍റെ മടിയില്‍ സംരക്ഷിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു.മേലുള്ളവരുടെയും, കീഴെ ഉള്ളവരുടെയും അഴകും അഭിമാനവുമാകയാല്‍ നീ ഭാഗ്യവതിയാകുന്നു. അഗ്നിമയന്‍മാരുടെ നാഥന്‍ നിന്‍റെ അടുക്കല്‍ വെളിപെട്ടതിനാല്‍ നീ ഭാഗ്യവതിയാകുന്നു.തന്നില്‍ സ്ഥിതി ചെയ്ത നിക്ഷേപത്താല്‍ സര്‍വ്വലോകത്തെയും ഐശ്വര്യപെടുത്തിയതിനാല്‍ നീ ഭാഗ്യവതിയാകുന്നു.ലോകത്തിന്‍റെ പാപത്തെ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടിനെ വഹിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു.അനശ്വരനായവന്‍ നിന്നില്‍നിന്നും അവതരിച്ചതിനാല്‍ അമ്മേ നീ ഭാഗ്യവതി യാകുന്നു.

കന്യകയായ നീ ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞ പ്രകാരം ദൈവവചനം അനുസരിക്കുകയും , ദൈവപുത്രനെ ഉദരത്തില്‍ വഹിക്കുകയും ചെയ്തു. ഞങ്ങളുടെ കര്‍ത്താവായ യേശുമശിഹ കന്യാവ്രത ത്തില്‍ നിന്നെ പ്രസവിച്ച പരിശുദ്ധ മാതാവിനൊപ്പം നിന്നെ സ്തുതിച്ചു പാടുവാന്‍ ഞങ്ങളുടെ അധരങ്ങളെ ഒരുക്കേണമേ. അമ്മയുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളെയും ഞങ്ങള്‍ക്കുള്ള സകലരെയും സകല രോഗങ്ങളില്‍ നിന്നും, വേദനിപ്പിക്കുന്ന അനിഷ്ടതകളില്‍ നിന്നും വിടുവിക്കേണമേ. ഞങ്ങളോടു കരുണയും സഹതാപവും തോന്നേണമേ, ഞങ്ങളുടെ മഹാപാപങ്ങള്‍ ഹേതുവായി ഞങ്ങളെ ശിക്ഷിക്കരുതേ, കുടുംബത്തില്‍ സമാധാനവും സന്തോഷവും ഐക്യവും ഐശ്വര്യവും വാഴേണമേ, ഞങ്ങളുടെ തലമുറയെ അനുഗ്രഹിക്കേണമേ, കുഞ്ഞുങ്ങള്‍ നിര്‍മലരും സമര്‍ഥരും ദൈവഭയമുള്ളവരും ആയിത്തീരേണമേ, വിദൂരസ്ഥരെ സമാധാനത്തോടെ തിരിച്ചു വരുത്തേണമേ, സമീപസ്ഥരെ കാത്തുകൊള്ളേണമേ, യൌവനക്കാരെ പരിപാകതയുള്ളവരാക്കേണമേ. യുവാക്കളെ കാത്തു കൊള്ളേണമേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ വീടിനും നാടിനും സഭക്കും സമൂഹത്തിനും പ്രയോജനമുള്ളതാക്കേണമേ, യുവാക്കളെ നല്ല മാര്‍ഗം കാണിക്കേണമേ, മാതാപിതാക്കളെ ആശ്വസിപ്പിക്കേണമേ, ഞങ്ങളുടെ നിലങ്ങളെയും കൃഷികളെയും നീ അനുഗ്രഹിക്കേണമേ, നല്ല കാലാവസ്ഥയും അനുഗ്രഹങ്ങളായ സംവത്സരവും നീ നൽകേണമേ, സഭയില്‍ യോജിപ്പും സമാധാനവും പുലരേണമേ, ഞങ്ങളുടെ വിശ്വാസികളായ പരേതരേ സ്വര്‍ഗീയ ഭവനങ്ങളില്‍ ആശ്വസിപ്പിക്കേണമേ .ഞങ്ങള്‍ സൌഖ്യം പ്രാപിച്ചു തന്‍റെ മാതാവിന്‍റെ ഓര്‍മയെ ശ്രേഷ്ഠതപെടുത്തിയ മശിഹയെ സ്തുതിച്ചു പുകഴ്ത്തുവാന്‍ സംഗതിയാക്കേണമേ.ആമേൻ!