July 19, 2013

മാതാവിൻറെ വാങ്ങിപ്പ് ചരിത്രം

വി.ദൈവ മാതാവിന്റെ മരണത്തെ കുറിച്ചും വാങ്ങിപ്പിനെ കുറിച്ചും വി. വേദ പുസ്തകത്തില്‍ എങ്ങും രേഖപെടുത്തിയിട്ടില്ല.വാങ്ങിപ്പിനെ കുറിച്ച് ഏറെയും രേഖപെടുത്തിയിരിക്കുന്നത് അപ്പോക്രിഫല്‍ ലിഖിതങ്ങളിലാണ്.അവയില്‍ പ്രധാനമായ ഒന്ന് ഇന്ത്യയുടെ അപ്പോസ്തോലനായ മാർതോമാ ശ്ലീഹായുമായി ബന്ധ പെട്ടതാണ്. ദൈവമാതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞു വിശുദ്ധ നാട്ടിലേക്ക് തോമശ്ലീഹ ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു. എങ്കിലും വൈകി എത്തിയതുമൂലം മാതാവിന്റെ ശവസംസ്കാരത്തില്‍ സംബന്ധിക്കുവാന്‍ സാധിച്ചില്ല.സ്ഥലത്ത് എത്തിയപ്പോഴേക്കും മാതാവിന്റെ മൃതശരീരവുമായി മാലാഖമാര്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുകയായിരുന്നു. വൈകി വന്ന തോമ ശ്ലീഹാക്ക് മാതാവിന്റെ ഇടകെട്ടും കൈലേസും ലഭിച്ചു. അവയുമായി ശ്ലീഹന്മാരെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണം വിശ്വസിച്ചു എന്നുമാണ് ചരിത്ര വിശ്വാസം.

മറിയം സ്വാഭാവിക മരണമടഞ്ഞു യെരുശേലേമില്‍ ഒലിവ് മലയുടെ അടിവാരത്തിലുള്ള ഒരു കല്ലറയില്‍സംസ്കരിച്ചു എന്നാണു വിശ്വാസം. അത് കൊണ്ട് തന്നെ വാങ്ങിപ്പ് പെരുനാളി ന്റെ ഉല്‍ഭവം യെരുശേലേം ആണെന്ന് ചരിത്ര താളുകള്‍ നമ്മുക്ക് സാക്ഷ്യം നല്‍കുന്നു . AD 431 ലെ എഫേസൂസ് സുന്നഹദോസില്‍ വച്ചാണ് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ചത്. ജൂണ്‍ 15 നു സഭ മാതാവിന്റെ പ്രതിഷ്ഠ പെരുന്നാള്‍ ആഘോഷിക്കുന്നത് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ച ശേഷം മാതാവിന്‍റെ പേരില്‍ ദേവാലയം സ്ഥാപിതമായതിന്‍റെ സ്മരണ നില നിർത്താനാണ്. A.D 434 ല്‍ യെരുശേലെമിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കി ക്രോഡീകരിച്ച അർമ്മീനിയൻ വേദ വായന ക്രമത്തില്‍ ഓഗസ്റ്റ്‌ 15 " ദൈവമാതാവായ മരിയാമിന്റെ" പെരുനാളായി ആചരിക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. A.D 600 നോട് അടുത്ത് മൌരിസ്‌ ചക്രവര്‍ത്തി ഒരു വിളംബരത്തിലൂടെ ഈ പെരുനാള്‍ ആചരിക്കണം എന്ന് അനുശാസിച്ചതിനെ തുടര്‍ന്ന് വാങ്ങിപ്പ് പെരുനാളിനു പരക്കെ അംഗീകാരം ലഭിച്ചു.