പെന്തക്കോസ്തി പെരുന്നാൾ

പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.
അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി

അവൻ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ഏക സ്വഭാവത്തോടും ഏക അധികാരത്തോടും ഏക മനസ്സോടും കുടിയ സത്യേകദൈവമാകുന്നു. ക്നുമാ കൂടാതെ അവന് ഒരു നാമമില്ല. ഒരു ക്നുമാ മറ്റൊരു ക്നുമായെക്കാൾ ചെറുതോ പ്രായം കൂടിയതോ അല്ല. വലുപ്പത്തിലോ ചെറുപ്പത്തിലോ ക്നുമാകൾക്ക് അന്തരമോ വ്യത്യാസമോ ഇല്ല. യാതൊരു ക്നുമായും നാമവും അവന്റെ നിത്യതയിൽ നിന്ന് ചെറുതോ അന്യമോ അല്ല. പിതാവെന്നു പറഞ്ഞാൽ പുത്രനും റൂഹായും അവനിൽ നിന്നുള്ളവരാകുന്നു. പുത്രനെന്നു പറഞ്ഞാൽ പിതാവും റൂഹായും അവൻ മൂലമാകുന്നു അറിയപ്പെടുന്നത്. റൂഹായെന്നു പറഞ്ഞാൽ പിതാവും പുത്രനും അവനിൽ പൂർത്തിയായിരിക്കുന്നു. പിതാവ് ജനകനാകുന്നു ജനിച്ചവനല്ല. പുത്രൻ ജനിച്ചവനാകുന്നു ജനകനല്ല. പരിശുദ്ധ റൂഹാ പിതാവിൽ നിന്നു പുറപ്പെടുന്നവനും പുത്രനിൽനിന്ന് എടുക്കുന്നവനും പിതാവിന് സമസ്വഭാവിയും തുല്യ നിത്യതയുള്ളവനും ആകുന്നു

വിശുദ്ധ റൂഹാ എടുക്കുന്നവനാകുന്നു എടുക്കപ്പെടുന്നവനല്ല. അവൻ പൂർത്തീകരിക്കുന്നവനാകുന്നു പൂർത്തീകരിക്കപ്പെടുന്നവനല്ല. സംസാരിക്കുന്നവനാകുന്നു സംസരിക്കപ്പെടുന്നവനല്ല. ശുദ്ധീകരിക്കുന്നവനാകുന്നു ശുദ്ധീകരിക്കപ്പെടുന്നവനല്ല. ദൈവമാകുന്നു ദൈവമാക്കപ്പെടുന്നവനല്ല. റൂഹാ സ്വയമായി ചലിക്കുന്നു. റൂഹാ സ്വയമായി അധികാരമുള്ളവനാകുന്നു. റൂഹാ സ്വന്തം ശക്തിയാൽ ബലവാനാകുന്നു. റൂഹാ സ്വന്തമഹത്വത്താൽ മഹനീയനാകുന്നു. റൂഹാ സ്വന്ത പ്രാബല്യത്താൽ പ്രബലനാകുന്നു. റൂഹാ പ്രകാശവും പ്രകാശദാതാവുമാകുന്നു.