October 10, 2013

പരുമലതിരുമേനിയുടെ പ്രാര്‍ത്ഥനാജീവിതം

പരുമലതിരുമേനിയുടെ പ്രാര്‍ത്ഥനാജീവിതം
പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവ്വനത്തിലെ ആശ്രയവും വാര്‍ദ്ധക്യത്തിലെ സമാധാനവുമാകുന്നു"  

പരുമല തിരുമേനി പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. നിത്യവും ആ കബറിങ്കലെക്കു പ്രാർത്ഥനയോടെ എത്തുന്നവർ പരിശുദ്ധന്റെ വാക്കുകൾക്കു സാക്ഷ്യം പറയും.

പ്രാർത്ഥനയെ പറ്റി തിരുമേനി പഠിപ്പിക്കുന്ന വചനങ്ങൾ തുടർന്നു വായിച്ചാൽ ഇങ്ങനെ കാണാം,

ഹൄദയം നിറഞ്ഞ ഭക്തിയോടെ ചെയ്യുന്ന പ്രാര്‍ത്ഥന ദൈവം കൈക്കൊള്ളുകയും ഒരു അനുഗ്രഹരൂപിയായി അത് നമുക്ക് തിരികെ ലഭിക്കുകയും ചെയ്യും. ജനങ്ങളുടെ ഇടയില്‍ സത്യം, സന്മാര്‍ഗ്ഗാചരണം, വിശ്വാസം, ഭക്തി, പരസ്പരബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനെ സഹായിക്കുന്നതത്രെ പ്രാര്‍ത്ഥന. നിത്യവും ദൈവപ്രാര്‍ത്ഥന ചെയ്യുന്നവന്‍ ഒരിക്കലും അസത്യവാനോ, ദുര്‍മാര്‍ഗ്ഗിയോ, അവിശ്വാസിയോ, ഭക്തിഹീനനോ, ജനദ്വേഷിയോ, സ്വാമദ്രോഹിയോ ആയിത്തീരുന്നതല്ല. ഈശ്വര പ്രാര്‍ത്ഥന, ഈ ലോകത്തെ പലവിധത്തിലും ദൈവത്തിന്റെ പാദാരവിന്ദങ്ങളോടു ചേര്‍ക്കുന്ന പൊന്നിന്‍ ചങ്ങലയത്രേ.

ഒരുപക്ഷെ നാം ഇന്നു നടത്തുന്ന പല പ്രാർത്ഥനകളും നോമ്പുകളും നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി മാത്രം ആകുമ്പോൾ, തങ്ങളുടെ ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും മോചനം ലഭിക്കുന്നതിനുവേണ്ടി പരീശുദ്ധന്റെ കബ്ബിറടത്തില്‍ ഹൃദയം നുറങ്ങി കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നവര്‍, പരിശുദ്ധന്റെ മുന്നിലുള്ള പ്രാര്‍ത്ഥന തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.ഹൃദയം നിറഞ്ഞ ഭക്തിയോടെ ചെയ്യുന്ന പ്രാര്‍ത്ഥന ദൈവം കൈക്കൊള്ളുകയും ഒരു അനുഗ്രഹ രൂപിയായി അതു നമുക്ക് തിരികെ ലഭിക്കുകയും ചെയ്യു എന്നതിൻറെ ജീവിക്കുന്ന സാക്ഷ്യമായി മാറുന്നു.

വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് മര്‍ക്കോസിന്റെ സുവിശേഷം 11 ആം അദ്ധ്യായം 24 വാക്യത്തില്‍ നാം വായിക്കുന്നത്.

അതുകൊണ്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പൊള്‍ യാചിക്കുന്നതൊക്കയും ലഭിച്ചു എന്ന് വിശ്വസിപ്പിന്‍, എന്നാല്‍ അത് നിങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.(മര്‍ക്കോ 11:24).

പരിശുദ്ധന്റെ കബറിടത്തിൽ നാൾ തോറും ധാരാളം ആളുകൾ വരുന്നതും ഈ വിശ്വാസ പൂർണമായ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തിലാണ്.

പരിശുദ്ധന്റെ ജീവിതചര്യ പ്രാർത്ഥനയിൽ അടിസ്ഥാനമാകി യുള്ളതാണെന്നു ജീവചരിത്രം വായിച്ചാൽ മനസ്സിലാകും. നാലുമണിക്ക് എഴുന്നേല്‍ക്കുന്ന തിരുമേനി അഞ്ചുമണിവരെ പൊതുപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ഏഴുമണിമുതല്‍ രഹസ്യ പ്രാര്‍ത്ഥന നടത്തും. ഭക്ഷണത്തിനുശേഷം ഒന്‍‌പതുമണിക്ക് വീണ്ടും പ്രാര്‍ത്ഥന. 12 മണിക്ക് ഉച്ച നമസ്ക്കാരം,ഇരുപത്തിരണ്ടരയുടെ നമസ്ക്കാരം വൈകിട്ട് സന്ധ്യാ നംസ്ക്കാരം ഒന്‍‌പതുമണിക്ക് പൊതുവില്‍ സൂത്താറാ. രാത്രിയില്‍ പലപ്രാവിശ്യം എഴുന്നേറ്റ് രഹസ്യ പ്രാത്ഥന നടത്തും. ഇങ്ങനെ ഒരു പ്രാര്‍ത്ഥനാ ജീവിതം ആയിരുന്നു പരുമല തിരുമേനി നയിച്ചിരുന്നത്. പരുമലതിരുമേനിയുടെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ ശക്തിയും ചൈതന്യവുമാണ് നമുക്ക് പരിശുദ്ധന്റെ കബറിടത്തില്‍ നിന്ന് ലഭിക്കുന്നത്. ആ ശക്തിയും ചൈതന്യവും ജീവിതത്തില്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് നമ്മള്‍ ഒരു പുനര്‍‌വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

ഇന്ന് മലങ്കരസഭയും മക്കളും നീതി നിഷേധത്തിൽ കടന്നു പോകുമ്പോൾ, പള്ളിയുടെ പേരിൽ നാം തമ്മിൽ അടിക്കുമ്പോൾ ആ ആത്മാവിനു വേദനിക്കും എന്ന് നാം തിരിച്ചറിയണം. പരിശുദ്ധന്‍ പ്രാര്‍ത്ഥനാ ജീവിതം നയിച്ചു, അനേകര്‍ക്ക് ആശ്രയമായ പുണ്യഭൂമിയുടെ പരിപാവനത നഷ്ടമാക്കാന്‍ നാം ഒരിക്കലും ഇടം നൽകരുത്. പ്രാർത്ഥന എന്നാൽ “ജനങ്ങളുടെ ഇടയില്‍ സ്ത്യം,സാന്മാര്‍ഗ്ഗാചരണം,വീശ്വാസം,ഭക്തി,പരസ്പര ബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനു സഹായിക്കുന്നതത്രെ” എന്ന ബോധ്യം നമ്മളെ ഭരിക്കാൻ നാം ഓരോരുത്തരും ഒരുങ്ങണം.

പരസ്പര ബഹുമാനം നഷ്ടപ്പെടുത്തി പള്ളിയുടെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒരു വിശ്വാസിക്കും ഭൂഷണമല്ല. “വാശിയും വഴക്കും വലിപ്പവും ഭാരവും പള്ളി സംബന്ധമായ കാര്യത്തില്‍ വിചാരിക്കാതെ അവനവന്റെ താഴ്മയെ ശോഭിപ്പിച്ചും ദൈവത്തില്‍ ആശ്രയിച്ചും ബഹുജനങ്ങളെ തൃപ്തിപ്പെടുത്തിയും നടക്കുന്നവര്‍ ഭാഗ്യവാന്മാര്‍.ദൈവം അവരെ അനുഗ്രഹിക്കുകയും ചെയ്യട്ടെ” എന്ന ആ പിതാവിന്റെ വചനം നാം എത്ര മാത്രം പിന്തുടരുന്നു എന്ന് സ്വയം ചിന്തിക്കണം. അല്ലാതെ എത്ര പദ യാത്രയിൽ പങ്കെടുത്താലും ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവുണ്ടാകണം.

പരിശുദ്ധന്റെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ ഓഹരി സ്വീകരിക്കുന്ന നമുക്കും പ്രാര്‍ത്ഥനാ ജീവിതം നയിക്കാന്‍ കടമയുണ്ട്. നമ്മുടെ കുടുംബങ്ങളില്‍ നിന്ന് ഇന്ന് കുടുംബ പ്രാര്‍ത്ഥന അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. പണ്ട് സന്ധ്യാസമയങ്ങളില്‍ നമ്മുടെ ഭവനങ്ങളില്‍ നിന്ന് മുഴങ്ങി കേട്ടിരുന്ന പ്രാര്‍ത്ഥനാഗീതങ്ങള്‍ ഇന്ന് കേള്‍ക്കാറില്ല. കണ്‍നീര്‍ സീരിയലുകളുടേയും റിയാലിറ്റി ഷോകളുടേയും ഇടവേളകളില്‍ മുറിച്ച് മുറിച്ച് നടത്തുന്ന ഒന്നായി നമ്മുടെ പ്രാര്‍ത്ഥനകള്‍ മാറിക്കഴിഞ്ഞു. വിശുദ്ധ മാമോദീസായില്‍ മാമോദീസ മുങ്ങുന്ന ആളിന്റെ തലെതോട്ടപ്പനെ/അമ്മയെ വിളിച്ച് പുരോഹിതന്‍ ഉപദേശം നല്‍കാറുണ്ട്. നിങ്ങള്‍ പ്രാര്‍ത്തിക്കുമ്പോള്‍ ഈ കുഞ്ഞിനെ മടിയില്‍ വെച്ച് പ്രാര്‍ത്ഥിക്കണം. നിങ്ങള്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ ആ കണ്ണീര്‍ ഈ കുഞ്ഞിന്റെ ശരീരത്തില്‍ വീഴണം. ഇന്നും കുഞ്ഞിന്റെ ശരീരത്തില്‍ കണ്ണീര്‍ വീഴും. പക്ഷേ അത് പ്രാര്‍ത്ഥക്കുന്നതുകൊണ്ടല്ലന്ന് മാത്രം. സീരിയലിലെ നായികയുടെ ദുരിതങ്ങള്‍ കണ്ടും ,എസ്.എം.എസ്. കിട്ടാതെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തുപോകേണ്ടിവരുന്ന കണ്ടസ്റ്റന്റിന്റെ സങ്കടവും കണ്ടാണ് നമ്മുടെ കണ്ണ് നിറയുന്നതും മടിയില്‍ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് കണ്ണീര്‍ വീഴുന്നതും. പ്രാര്‍ത്ഥന എന്നത് ഇന്ന് നമുക്കും ഒരു റിയാലിറ്റിഷോ ആയി ത്തീര്‍ന്നിരിക്കുകയാണ്. പ്രാര്‍ത്ഥിക്കുന്നടനെതന്നെ നമുക്ക് ഉത്തരം ലഭിക്കണം.

വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് വേദപുസ്തകം നമ്മളെ പഠിപ്പിക്കുന്നുണ്ട്. വിശ്വസിച്ചുകൊണ്ട് മലയോറ്റ് കടലിലേക്ക് നീങ്ങുക എന്നു പറഞ്ഞാല്‍ അത് നീങ്ങും എന്ന് യേശുക്രിസ്തു പറയുന്നു.

രാപ്പകല്‍ ഭക്തിയോടുകൂടി ഉച്ചത്തില്‍ ദൈവത്തെ പ്രാര്‍ത്ഥിപ്പിന്‍. ഈ പ്രാത്ഥന നമ്മിലുള്ള ഇരുട്ടു നീങ്ങാനും, തളര്‍ച്ച തീരാനും, നമ്മുടെ പരമമായ രക്ഷയും മോക്ഷവും ലഭിപ്പാനും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാകുന്നു.വിശ്വസിച്ചു പ്രാര്‍ത്ഥിച്ചു ദൈവത്തെ ഭജിപ്പിന്‍

എന്ന് പരുമല തിരുമേനി പറയുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ വിശ്വാസം ഉണ്ടായിരിക്കണം. വിശ്വസിച്ചതുകൊണ്ട് ദൈവമഹത്വം കണ്ട അനേകം ആളുകളെ നമുക്ക് വേദപുസ്തകത്തില്‍ കാണാന്‍ കഴിയും. പ്രാര്‍ത്ഥനയ്ക്ക് നമ്മിലുള്ള ഇരുട്ട് നീക്കാന്‍ കഴിയുമെന്ന് പരുമല തിരുമേനിയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാം. കലഹങ്ങളോ അഭിപ്രായ വെത്യാസങ്ങളോ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കൂമ്പോള്‍ നമ്മിലുള്ള ഇരുട്ട് മാറി പ്രകാശം പരക്കും എന്നതില്‍ സംശയിക്കേണ്ടതില്ല. നമ്മുടെ കുടുംബകലഹങ്ങള്‍ക്കും ബന്ധങ്ങളുടെ വേര്‍‌പിരിയലുകള്‍ക്കു കാരണവും പ്രാര്‍ത്ഥനയുടെ അഭാവം തന്നെയാണ്.

തന്റെ ജീവന്‍ എടുത്തവര്‍ക്കുവേണ്ടിയായിരുന്നു നമ്മുടെ രക്ഷകനായ യേശു‌ക്രിസ്തുവിന്റെ പ്രാര്‍ത്ഥന. തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കണം എന്നായിരുന്നു യേശുവിന്റെ അവസാന പ്രാര്‍ത്ഥന. മനുഷ്യരായ നമുക്ക് അത്രയ്ക്കും കഴിഞ്ഞില്ലങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. “ദൈവത്തെ അറിഞ്ഞിട്ടും കൈമലര്‍ത്തി തങ്ങള്‍ക്കും തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയില്ലെങ്കില്‍ എങ്ങനെയാണ് മനുഷ്യനെ, ഭാവി ലേശം പോലും അറിയാതെ ജീവിക്കുന്ന ബുദ്ധിഹീനങ്ങളായ ജന്തുക്കളേക്കാള്‍ ശ്രേഷ്ഠനാണന്ന് പറയുന്നത്?” എന്നാണ് പരുമലതിരുമേനി ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് നമ്മുടെ പ്രാര്‍ത്ഥനാ ജീവിതം ആണ്.