May 6, 2013

ഓരോരുത്തരും കണ്ടു പഠിക്കേണ്ട ജീവിതം

മലങ്കര സഭയിലെ മണ്ണാരക്കുളഞ്ഞി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗമായ ജോജിയുടെ ജീവിത കഥ, ഓരോരുത്തരും കണ്ടു പഠിക്കേണ്ട ജീവിത പാഠം. പത്തനംതിട്ട ജില്ലയിലെ മണ്ണാരക്കുളഞ്ഞി എന്ന ഗ്രാമത്തില്‍ ഇടക്കോണം വീട്ടില്‍ എ.വി. തോമസിന്റെയും, അന്നമ്മ തോമസിന്റെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവനായി ജനിച്ച ജോജി,ഒരു ജീവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായി ഇന്നും ജീവിക്കുന്നു

തണുത്തുറഞ്ഞ ശരീരത്തില്‍ നിന്നും അവന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാനായി സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖമാരെത്തി. എന്നാല്‍ ഭൂമിയിലെ മാലാഖയ്ക്ക് അതിനു മനസ്സുണ്ടായിരുന്നില്ല. വിറയാര്‍ന്ന കൈകൊള്‍ക്കൊണ്ട് അവളാ നെറ്റിയിലൊന്നു തൊട്ടു. അത്ഭുതമെന്ന് പറയട്ടെ ആ നെറ്റിയിലേക്ക് ചൂട് ഇരച്ചുകയറി. അവന്‍ പതിയെ കണ്ണു തുറന്നു. ഒരു ജീവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ ഇവിടെ തുടങ്ങുന്നു

പത്തനംതിട്ട ജില്ലയിലെ മണ്ണാരക്കുളഞ്ഞി എന്ന ഗ്രാമത്തില്‍ ഇടക്കോണം വീട്ടില്‍ എ.വി. തോമസിന്റെയും, അന്നമ്മ തോമസിന്റെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവനായി ജനിച്ച ജോജി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച വേദനാജനകമായ സംഭവ വികാസങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പത്താംക്ളാസ്സിനുശേഷം ഐ.ടി.ഐ പാസ്സായ ജോജി ഏതൊരു ചെറുപ്പക്കാരനെപ്പോലെതന്നെ ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിച്ചു. നിരന്തര പരിശ്രമത്തിന്റെ ഫലമായി ഗള്‍ഫിലേക്കുളള വിസ ജോജിക്ക് ലഭിച്ചു. ആഹ്ളാദത്തിന്റെയും, സന്തോഷത്തിന്റെയും ദിനങ്ങളായിരുന്നു ജോജിയുടെ കുടുംബത്തില്‍. എല്ലാ മോഹങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളുമായി ജോജി ഇല്കട്രീഷ്യന്‍ ജോലിക്കായി സൌദിയിലേക്ക് പുറപ്പെട്ടു.

സൌദിയില്‍ ചെന്നപ്പോള്‍ ജോജി കണ്ടത് ക്രൂരതയുടെ വിവിധ വശങ്ങളായിരുന്നു. 15000 രൂപ മാസ ശമ്പളം പറഞ്ഞ സ്ഥാനത്ത് 5000 രൂപ മാത്രമാണ് ലഭിച്ചത്. ഏജന്റുമാരുടെ വഞ്ചനയ്ക്കിരയായവരില്‍ താനും ഉള്‍പ്പെട്ടതായി ജോജി മനസ്സിലാക്കി. മനസ്സ് പതറിപ്പോയ നിമിഷങ്ങള്‍, എന്ത് ചെയ്യണമെന്നറിയാതെ നില്ക്കേണ്ടി വരുന്ന അവസ്ഥ. ആ അവസ്ഥയില്‍ ദൈവം ഉദ്ബോധിപ്പിച്ചെതെന്നോണം അവിടെത്തന്നെ പിടിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു.

അങ്ങനെ കുറച്ചുനാള്‍ അവിടെ കഴിഞ്ഞുവരുമ്പോള്‍ ഒരു ദുര്‍വിധിയെന്നോണം ജോജിക്ക് അതിഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു. വേദന സഹിക്കാതെവന്നപ്പോള്‍ കൂടെ ജോലിചെയ്തവര്‍ ജോജിയെയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രാമദ്ധ്യേ ജോജിയെയും കൊണ്ടുപോയ വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു. വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ജോജി മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി പക്ഷേ ജോജിയെ മരണത്തിന് ഏല്‍പ്പിക്കാന്‍ ദൈവത്തിന് മനസ്സില്ലായിരുന്നു. പിന്നെ തുടര്‍ച്ചായായ ചികില്‍സകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല.

ശരീരത്തിലെ അവയവങ്ങള്‍ ഓരോന്നായി നശിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍ ജോജിക്ക് അധികനാള്‍ വേണ്ടി വന്നില്ല. കാലിന്റെ ചലനാവസ്ഥയും, കണ്ണിന്റെ കാഴ്ച്ചശക്തിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് ജോജിയെ വല്ലാതെ വിഷമിപ്പിച്ചു. എല്ലാവര്‍ക്കും താനൊരു ഭാരമാണെന്ന് തോന്നിപ്പായ നിമിഷങ്ങള്‍. പക്ഷേ ജോജിയുടെ മാതാപിതാക്കള്‍ അദ്ദേഹത്തെ പണ്ടത്തെക്കാളധികം സ്നേഹിച്ചു.

അങ്ങനെയിരിക്കുമ്പോളാണ് ജോജിയുടെ പിതാവ് പെട്ടന്നൊരു ദിവസം ഈ ലോകത്തോട് വിടപറയുന്നത്. വേദനകളുടെ ഇടയില്‍ മറ്റൊരു വേദന കൂടി. പിതാവിന്റെ മരണശേഷം ജോജിയെ പരിചരിച്ചുകൊണ്ടിരുന്നത് അമ്മയായിരുന്നു. പക്ഷേ വിധി പിന്നെയും അവരെ തോല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അമ്മ കാല്‍വഴുതി വീണ് ശരീരം തളര്‍ന്നുപോയി. തീര്‍ത്തും ഒറ്റപ്പെട്ടുപോയ ദിവസങ്ങള്‍ അതില്‍ നിന്നൊക്കെ ദൈവം അദ്ദേഹത്തിനു
ജിവിക്കാനുളള പ്രചോദനം നല്‍കി.

ഒരു ദിവസം മാലാഖയെപ്പോലെ ജിജി എന്നൊരു പെണ്‍കുട്ടി ജോജിയുടെ പ്രയാസങ്ങളും കുറവുകളും അറിഞ്ഞ് ജീവിതത്തിലേക്ക് കടന്നുവരാന്‍ സന്നദ്ധയായി. അവരുടെ അര്‍പ്പണബോധത്തിനു മുമ്പില്‍ ജോജി തലകുനിച്ചു. അവര്‍ വിവാഹം കഴിച്ചു. അന്നുമുതല്‍ ഇന്നുവരെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജോജിയോടൊപ്പം ജിജിയുമുണ്ട്. കേരളത്തിനകത്തും പുറത്തും ദൈവത്തിന്റെ വചനങ്ങളെ ജോജിയുടെ ജീവിതത്തിലൂടെ കാണിച്ചുകൊണ്ട് ജോജി പറയുന്നു അശരണരും, ആലംബഹീനരുമായവരുടെ ഇടയിലൂടെ നടക്കുമ്പോള്‍ അവരുടെ ദുഖങ്ങളാണ് ജോജിയുടെ ദുഖങ്ങളെന്ന്.

ജോജിയുടെ ജീവിതം പ്രത്യാശയുടെ ഒരു പച്ചതുരുത്താണ് . ആധുനികകാലഘട്ടത്തില്‍ നാം ഓരോരുത്തരും കണ്ടു പഠിക്കേണ്ട ജീവിതമാണ് ജോജിയുടേത്. അദ്ദേഹത്തിന്റെ ജീവിതം നമുക്ക് പ്രജോദനമാകട്ടെ. ജോജിയെ ഓര്‍ത്തഡോക്സ് സഭയുടെ സുവിശേഷകനായി അംഗീകരിച്ച് പരി. ബാവാ തിരുമേനി കല്‍പ്പന കൊടുത്തിട്ടുണ്ട്.