October 16, 2013

അൽപം ചരിത്രം, അറിയാത്തവർക്കായി, അറിഞ്ഞിരിക്കാൻ

അൽപം ചരിത്രം, അറിയാത്തവർക്കായി, അറിഞ്ഞിരിക്കാൻ

മാര്ത്തോമ്മാ ശ്ളീഹായുടെ പൌതൃകപാരമ്പര്യം അസന്നിഗ്ധമായി അവകാശപ്പെടുന്ന സഭയാണ് മലങ്കര സഭ. മാര്‍ത്തോമ്മാ ശ്ളീഹായുടെ കേരളക്കരയിലെ സുവിശേഷ ദൌത്യവും മൈലാപ്പൂരിലെ രക്തസാക്ഷി മരണവും നാലാം നൂറ്റാണ്ടുമുതലുള്ള ചരിത്ര രേഖകളിലും പ്രമാണിക ഗ്രന്ഥങ്ങളിലും സഭാ പിതാക്കന്മാരുടെ എഴുത്തുകളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏഴു പള്ളിസ്ഥാപിക്കുകയും നാല് കുടുംബങ്ങളില്‍ നിന്ന് പട്ടക്കാരെ വാഴിക്കുകയും മാത്രമല്ല പൌരസ്ത്യ ആരാധന ക്രമത്തിനു തുടക്കം കുറിക്കുക കൂടി ചെയ്തു. മലങ്കരസഭ എന്നും ഭാരതത്തിലെ തദ്ദേശീയ സഭയായി ഭാരതസംസ്കാരം പുലര്‍ത്തുകയും ഹൈന്ദവമതവുമായി തികഞ്ഞ മൈത്രീബന്ധത്തില്‍ തുടരുകയും ചെയ്തു. മലബാര്‍ തീരത്തിന് വിദേശരാജ്യങ്ങളുമായി വ്യാപാരമുണ്ടായിരുന്നതുകൊണ്ട് പേര്‍ഷ്യന്‍ സഭയില്‍ നിന്ന് കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ നാലാം നൂറ്റാണ്ടുമുതല്‍ മെത്രാന്മാര്‍ ഇവിടെവന്നപ്പോള്‍ ഇവിടെ നിലവിലുണ്ടായിരുന്ന സുറിയാനി ഭാഷാ പരിജ്ഞാനവും ആരാധനാ രീതിയുമായി സാമ്യമുണ്ടായിരുന്ന അവരുടെ കുറെകൂടി വികസിതമായ സുറിയാനി ആരാധനാ പാരമ്പര്യം ഉള്‍ക്കൊണ്ടുപോകാന്‍ തോമ്മാശ്ളീഹായുടെ മലങ്കരയിലെ മക്കള്‍ക്ക് പ്രയാസമുണ്ടായില്ല.

കാതോലിക്കാ സ്ഥാപനവും 1934-ലെ സഭാ ഭരണഘടനയും

ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ എന്ന വട്ടശ്ശേരില്‍ തിരുമേനി 1909-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനു ശേഷം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റത് കാതോലിക്കേറ്റിന്റെ ഭാഗ്യനക്ഷത്ര ഉദയമായിരുന്നു. എന്നാല്‍ 1910ലെ അബ്ദുള്ള പാത്രിയര്‍ക്കീസിന്റെ മലങ്കരയിലുള്ള ആഗമനത്തോടെ മലങ്കര സഭയില്‍ ശനിദശ ആരംഭിച്ചു. അബ്ദുള്ള പാത്രിയര്‍ക്കീസിന്റെ ശാഠ്യം മൂലം കൂട്ടുട്രസ്റിമാരായിരുന്ന കോനാട്ട് മാത്തന്‍ മല്പാന്റെയും സി.ജെ. കുര്യന്റെയും പ്രേരണയാല്‍ വട്ടശേരില്‍ തിരുമേനിയുടെകൂടെ പട്ടമേറ്റുവന്ന പൌലോസ് മാര്‍ കൂറിലോസ് പാത്രിയര്‍ക്കീസിന് മലങ്കര സഭയുടെമേല്‍ ലൌകികാധികാരം ഉണ്ടായിരിക്കും എന്ന് എഴുതിക്കൊടുത്തു. അതിനുവിസമ്മതിച്ച മാര്‍ ദീവന്നാസ്യോസ് കാതോലിക്കേറ്റിന്റെ ശിരസ്സുയര്‍ത്തി. പക്ഷെ 1911 ജൂണില്‍ അബ്ദുള്ള പാത്രിയര്‍ക്കീസിന്റെ മുടക്കുവാങ്ങി. മുടക്കിനെ തൃണവല്‍ഗണിച്ച മലങ്കര സഭയിലെ ബഹുഭൂരിപക്ഷം പള്ളികളും വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വാതന്ത്യ്രാവബോധത്തിനു പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. മറുഭാഗത്തിന്റെ കൊലപാതക ഭീഷണിവരെ നേരിടേണ്ടിവന്നു വട്ടശേരില്‍ തിരുമേനിക്ക്. മലങ്കരസഭയുടെ ആവശ്യപ്രകാരം 1912 ജൂണില്‍ ഇവിടെയെത്തിയ അബ്ദില്‍ മശിഹ പാത്രിയര്‍ക്കീസ് 1912 സെപ്റ്റംബര്‍ 15-ാം തീയതി കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മുറിമറ്റത്തില്‍ പൌലോസ് മാര്‍ ഇവാനിയോസിനെ നിരണം പള്ളിയില്‍വെച്ച് മലങ്കര സഭയുടെ ഒന്നാം കാതോലിക്കായായി സര്‍വസ്വതന്ത്ര അധികാരങ്ങളോടെ സ്ഥാനാരോഹണം നടത്തിയതോടുകൂടി സ്വാതന്ത്യ്രത്തിനും സ്വയശീര്‍ഷകത്തിനും വേണ്ടി നിലകൊണ്ട മലങ്കര സഭയില്‍ അതിന്റെ 1860-ാം വാര്‍ഷികത്തില്‍ ഏറ്റവും വലിയ പാരിതോഷികമായി മലങ്കര സഭയുടെ മാഗ്നാകാര്‍ട്ടാ ആയ കാതോലിക്കാ സ്ഥാപനം ലഭിച്ചു. അന്നു മുതല്‍ ഇന്നു വരെ മലങ്കര സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സ്വതന്ത്യ്രമായി സ്ഥാനാരോഹണം നല്‍കിയ എല്ലാ കാതോലിക്കാമാരും മാര്‍ത്തോമ്മാ ശ്ളീഹായുടെ പൌരസ്ത്യ ശ്ളൈഹിക സിംഹാസനത്തില്‍ ആരൂഢമായിരിക്കുന്നത് സാധുതയുള്ളതാണെന്ന് എന്ന് ഇന്ത്യയിലെ പരമോന്നതനീതിപീഠമായ സുപ്രീം കോടതി 1958 മുതല്‍ ഇന്നുവരെയുള്ള സര്‍വ വിധികളുടെയും അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1934-ലെ ഭരണഘടനാ രൂപീകരണം ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറി. 1958ലെ സുപ്രീം കോടതി വിധി സഭയ്ക്ക് അനുകൂലമായി വന്നപ്പോള്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിനെ സമാധാന ഉടമ്പടി മൂലം സ്വീകരിച്ച പരി.ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി സ്വീകരിക്കുന്നുവെന്നത് സ്വീകരിച്ച പാത്രിയര്‍ക്കീസ് മലങ്കര സഭയുടെ കാതോലിക്കേറ്റിന്റെ സ്വയശീര്‍ഷകത്വം സന്തോഷപൂര്‍വ്വം അംഗീകരിക്കുകയായിരുന്നു. 1958ലെ സുപ്രീം കോടതി വിധി അരക്കിട്ടുറപ്പിച്ച 1995ലെയും 1997ലെയും 2002ലെയും സുപ്രീം കോടതി വിധികളെല്ലാം കാതോലിക്കേറ്റിന്റെ സര്‍വസ്വതന്ത്രാധികാരം ഊട്ടിയുറപ്പിച്ചു. 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഇതിന്റെ വര്‍ണശബിളമയാര്‍ന്ന ആഘോഷമായിരുന്നു. 2002ല്‍ മറുഭാഗം തല്ലിക്കൂട്ടിയ വിമതഭരണഘടനയോ അവരുടെ മരണമണിനാദമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. സഭ പ്രതി സന്ധിയിൽ കൂടി കടന്നു പോകുന്ന ഇത്തരുണത്തില്‍ ഇതുനുവേണ്ടി പ്രാണത്യാഗംചെയ്ത മലങ്കരയുടെ ധീരപുത്രന്മാര്‍ ആനപ്പാപ്പി മുതല്‍ മലങ്കര വര്‍ഗീസ് വരെ സ്വര്‍ഗത്തില്‍ ഇരുന്ന് സന്തോഷിക്കുന്നു. കാതോലിക്കേറ്റിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ മലങ്കര സഭാ മക്കള്‍ ആജീവാനാന്തം പ്രതിജ്ഞാബദ്ധരാണ്. ഭാരത്തിലെ മണ്ണിന്റെ മണമുള്ള ദേശീയസഭയായി പുരോഗമിക്കാന്‍ ഇത് പ്രചോദനം നല്‍കട്ടെ.