June 17, 2013

ശ്ളീഹാ നോമ്പ് : രണ്ടാം ദിവസം - ചിന്തകൾ

നമ്മുടെ ചിന്തകളെ ശരിയായ ദിശയിലൂടെ നയിക്കുവാന്‍ നമുക്ക് സാധിക്കണം.

ഒരിക്കല്‍ 2 തീര്‍ത്ഥ യാത്രക്കാര്‍ വി. അഥോസ് ഗിരിയിലെ ഒരു പുരോഹിത സന്ന്യാസി ശ്രേഷ്ഠനെ കണ്ട് ചോദിച്ചു. "ഞങ്ങളുടെ ബുദ്ധിയെ ആക്രമിക്കുന്ന ചിന്തകള്ക്ക് ഞങ്ങള്‍ എത്ര മാത്രം ഉത്തരവാദികളാണ്. സന്ന്യാസി ശ്രേഷ്ഠന്‍ മറുപിടി പറഞ്ഞു. " നാം വസിക്കുന്നത് ഭൂമിയില്‍ ആണെങ്കിലും ആകശത്തുകൂടി പലതരം വിമാനങ്ങള്‍ പറക്കുന്നില്ലെ? എനിക്ക് ആ വിമാനങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുകയില്ല. ഞാന്‍ അതിനു ഉത്തര വാദിയുമല്ല. എന്നാല്‍ ഞാന്‍ ഒരു വിമാന താവളം പണിയാന്‍ തുടങ്ങിയാല്‍ ഞാന്‍ അതിനു ഉത്തരവാദിയായി മാറുന്നു. ചിന്തകളുടെ ആക്രമണം സ്വീകരിക്കുന്നത്, നാം തന്നെ വിമാനത്താവളം ഉണ്ടാക്കി വിമാനങ്ങളെ നിലത്തിറക്കാന്‍ അവസരം കൊടുക്കുന്നതിനു തുല്യമാണ്. ചിന്തകള്‍ വന്ന വഴി തന്നെ പോകാന്‍ അനുവദിക്കുക. ദൈവീക ചിന്ത നിറഞ്ഞു നില്ക്കുന്ന ഒരുവനില്‍ മറ്റ് ചിന്തകള്ക്ക് ഒന്നും സ്ഥാനമില്ല.

ആത്മാവിന്റെ ബദ്ധ ശത്രുവാണു ദുഷ് ചിന്തകള്‍. വി. പിതാക്കന്മാര്‍ ഇത്തരം ചിന്തകളെ സാത്താന്റെ പ്രവര്ത്തനമായാണ് കാണുന്നത്. അതിനാല്‍ ശരീരം സൂക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ആത്മാവിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പാപം എന്നത് ഒരു ത്വക്ക് രോഗം അല്ല. ഭീഷണിയായി, നമ്മുടെ നാശത്തിലേക്ക് കൊണ്ടുപോകുന്ന മനസ്സിന്റെയും ഹൃദയത്തിന്റെയും രോഗമാണ് പാപം. അത് പ്രായോഗികമാക്കുന്നതൊ ശരീരവും.

ദുഷിച്ച ചിന്തകള്‍ നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിച്ച് അവിടെ കുടിയിരുത്താനനുവദിക്കതെ അവയെ ആട്ടിയോടിക്കുക. എന്തെന്നാല്‍ വൈകാരിക ചിന്തകള്‍ തുടര്ച്ചയായി നമ്മുടെ ഉള്ളിലേക്കെത്തിയാല്‍ അവ വികാരങ്ങളെ വീണ്ടും സജീവമാക്കുകയും ബുദ്ധിയുടെ മരണം സംഭവിക്കുകയും ചെയ്യും. ദുഷിച്ച ചിന്തകള്‍ നിങ്ങളെ ആക്രമിക്കുകയാണെന്നു തിരിച്ചറിഞ്ഞാലുടന്‍തന്നെ പ്രാര്‍ത്ഥനയുടെ അസ്ത്രം ഉപയോഗിച്ച് അവയെ നശിപ്പിക്കുക.

പരിചയമുള്ള വസ്തുക്കളുടെ വികാരപരമായ ചിത്രങ്ങള്‍ നാം നമ്മോടൊപ്പം വഹിക്കുന്നു. ഈ ചിത്രങ്ങളെ മറികടക്കാന്‍ കഴിഞ്ഞാല്‍ അവ പ്രതിനിധീകരിക്കുന്ന വസ്തുക്കള്‍ക്കുനേരെ നാം ആകര്‍ഷിക്കപ്പെടുകയില്ല. എന്തെന്നാല്‍, മനസ്സില് പാപം ചെയ്യുകയെന്നത് പ്രവര്‍ത്തിയിലൂടെ പാപം ചെയ്യുന്നതിനേക്കാള്‍ എളുപ്പമായിരിക്കുന്നതുപോലെ, വസ്തുക്കളെകുറിച്ചുള്ള ചിന്തകള്‍ക്കെതിരെയുള്ള പോരാട്ടം വസ്തുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തെക്കാള്‍ വിഷമകരമാണ്.

വികാരപരമായ എല്ലാ ചിന്തകളും ആത്മാവിന്റെ അഭിലാഷശേഷിയെ പ്രചോദിപ്പിക്കുകയൊ കോപശീലത്തെ ക്ഷോഭിപ്പിക്കുകയൊ ബുദ്ധിയെ ഇരുളില്‍ ആഴ്ത്ത്തുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി ആത്മീയ ധ്യാനത്തിനുള്ള കഴിവും പ്രാര്‍ത്ഥനയുടെ ആനന്ദവും മനസ്സിന് നഷ്ടമാകുന്നു. ഇത്തരം ചിന്തകളെ ജാഗ്രതയോടെ ശ്രദ്ധിക്കുകയും അവയുടെ കാരണങ്ങളെ നിര്മാര്ജ്ജനം ചെയ്യുകയും വേണം.

– ഫിലോക്കലിയ എന്ന പുസ്ത്കത്തില്‍നിന്നും

പ്രാര്‍ത്ഥന

പിതാവിനും പുത്രനും പരിശുദ്ധ റുഹായുമാകുന്ന വിശുദ്ധ ത്രിത്വമേ അങ്ങയുടെ സന്നിധിയില്‍ ഞങ്ങളെ തന്നെ കാഴ്ചയായി സമര്‍പ്പിക്കുന്നു. ഞങ്ങളുടെ ചിന്തകള്‍ നിന്റെ സന്നിധിയില്‍ന്നും മാറ്റപെടുവാന്‍ ഇടയാക്കരുതെ. ജഡിക ചിന്തകളില്‍ നിന്നും അകന്ന് നിന്നില്‍ ആശ്രയിക്കുവാന്‍ ഞങ്ങളെ ശക്തി ആക്കണമെ. നീ ബലവാന്‍ ആകുന്നു ഞങ്ങള്‍ ബലഹീനരാകുന്നു നീ പരിശുദ്ധനാകുന്നു ഞങ്ങള്‍ പാപികള്‍ ആകുന്നു. ആയത് നിന്റെ അപ്പോസ്തോലന്മാരുടെ മദ്ധ്യസ്ഥതയാല്‍ നിന്നോട് അപേക്ഷിക്കുന്നു, ആമേന്‍

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ.....
കൃപ നിറഞ്ഞ മറിയമേ.....

Send by : Anu Leena (Mylapra St:George Church).