June 16, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് - ഒന്നാം ദിവസം)

ഒരുപോലിങ്ങും മോര്‍ പത്രോസ് -
ഉണ്ടെമേലും നിന്നോര്‍മ്മ
ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ -
ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ്

ഇനിയുള്ള 13 ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ദിവസങ്ങളായി സഭ നമുക്ക് ഒരുക്കി തന്നിരിക്കുന്നു. ഇതും യാത്രയുടെ ഒരുക്കത്തിന്റെ നാളുകള്‍ ആണ്. തമ്പുരാന്റെ അടുക്കലേക്കുള്ള യാത്ര. അതിശക്തമായ ഒഴുക്കുകളും അടി ഒഴുക്കുകളും നേരിടുന്ന സമയം. നമുക്കായി യേശു തമ്പുരാന്‍ കാണിച്ചു തന്നു എങ്ങനെ ഉപവാസം എടുക്കണമെന്ന്. നോമ്പും ഉപവാസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ്. സഭ നമ്മോട് കല്പ്പിക്കുന്നു നോമ്പിന്റെ കാലഘട്ടത്തില്‍ സന്ധ്യ വരെയോ മൂന്ന് മണി വരെയോ യാതൊന്നും ഭക്ഷിക്കാതെ ഉപവസിക്കണം. അതിനു ശക്തി ഇല്ലാത്തവര്‍ ഉച്ചവരെ ഉപവസിക്കണം അതിനും കഴിവില്ലാത്തവര്‍ രുചികരവും ശരീര പോഷക പ്രദങ്ങളായ മുട്ട, പാല്‍ മത്സ്യം മാസം തുടങ്ങിയവ വെടിഞ്ഞ് പ്രത്യേക പ്രാര്‍ത്ഥനകളും കുമ്പിടീലും ധ്യാനങ്ങളും നടത്തി ആത്മശുദ്ധീകരണം തേടണം ഒപ്പം പുണ്യ പ്രവര്‍ത്തികള്‍ കൂടുതലായി ചെയ്യുകയും വേണം. എല്ലാവരും സത്യ കുമ്പസാരം നടത്തി വി.കുര്ബ്ബാന അനുഭവിക്കണമെന്നും നിര്‍ബന്ധമുണ്ട്.

ഈ നോമ്പ് ഹൃദയം നിറഞ്ഞ ഭക്തിയോടെ ചെയ്യുന്ന പ്രാര്ത്ഥന ആയിതീരട്ടെ . അങ്ങനെ ചെയ്യുമ്പോള്‍ ദൈവം അത് കൈകൊള്ളുകയും ഒരു അനുഗ്രഹ രൂപിയായി നമുക്ക് തിരികെ ലഭിക്കുകയും ചെയ്യും.

വി. മത്തായി 17:21 ല്‍ ഉപവാസത്താലും പ്രാര്‍ത്ഥനയാലും അല്ലാതെ ഈ ജാതി (പിശചുക്കള്‍) ഒഴിഞ്ഞുപോകയില്ല എന്ന് വചനത്തിലൂടെ മനസിലാക്കുവാന്‍ സാധിക്കുന്നു. യഥാര്‍ത്ഥമായ അനുതാപവും ഇല്ലാതെ ശുദ്ധീകരണവും ഉണ്ടാകാനാണ് നോമ്പ് ആചരിക്കുന്നത്. ബാഹ്യമായും ആന്തരികമായും നോമ്പ് ആചരിക്കണം.
പല തരത്തിലുള്ള നോമ്പ് ആചരണം വി. വേദപുസ്തകത്തില്‍ ഉണ്ട്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പൊതുവായുള്ള അനുതാപത്തിനും ദൈവീക അനുഗ്രഹത്തിനുമായി നോമ്പ് ആചരിക്കുന്നുണ്ട്. പ്രായശ്ചിത്തമായി നോമ്പ് ആചരിക്കുന്നുണ്ട്. ദൈവീക വെളിപാടിനായും പൂര്‍വ്വ പിതാക്കന്മാരുടെ പാപങ്ങള്‍ക്കായും നോമ്പ് ആചരിക്കുന്നുണ്ട്. നോമ്പാചരണം മൂലം ശരീരം ക്ഷീണിക്കുകയും നിയന്ത്രണ വിധേയമാകുകയും ചെയ്യുമ്പോള്‍ ആത്മ ശക്തി വര്ദ്ധിക്കുന്നു എന്നുള്ളത് ഒരു യാദര്‍ത്ഥ്യമാണു. അതിനാല്‍ നോമ്പാചരണം ജീവിതത്തിന്റെ ഒരു നിഷ്ഠ ആക്കണം നമ്മള്‍.

കര്ത്താവേ പഠിത്തമില്ലത്തവരും ഭോഷന്മാരുമായിരുന്ന മീന്‍പിടുത്തക്കാര്‍ നിന്നോട് ചേര്‍ന്ന് നിന്റെ ശിഷ്യന്മാരായി തീര്‍ന്നപ്പോള്‍ ലോകത്തിലെ തത്വ ജ്ഞാനികളും സമര്‍ത്ഥന്മാരുമായി ഭേദപെട്ടതുപോലെ ഞങ്ങള്‍ നോമ്പാലും പ്രാര്‍ത്ഥനകളാലും സല്പ്രവര്‍ത്തികളാലും നിന്നോട് ചേര്‍ന്ന് നിനക്ക് ഇഷ്ടമുള്ളവരായിരിപ്പാനും നിന്റെ തിരുവിഷ്ടം ചെയ്തു ജീവിപ്പാനും നിന്റെ കൃപ ഞങ്ങളെ സഹായിക്കുമാറാകണമെ ബാറെക്മോര്‍.

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ....
കൃപ നിറഞ്ഞ മറിയമേ.....

-- പാമ്പകുട നമസ്കാരത്തില്‍നിന്നും

കടപ്പാട് : Anu Leena