ദൈവ സ്നേഹം തിരിച്ചറിയുന്നവരാകുക
മരിയ അനാഥയായിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന അവളെ അവർ പഠിപ്പിച്ചു, വിവാഹവും നടത്തി. എന്നാൽ, ഭർത്താവ് അവളുടെ ആഭരണങ്ങളെല്ലാം തട്ടിയെടുത്തതിനുശേഷം ഉപേക്ഷിക്കുകയാണ് ചെയ്തത്. കാലങ്ങൾ കടന്നുപോയി. അധ്യാപികയായ അവൾ ഒരു കൊച്ചുഭവനം നിർമിച്ച്, ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തി ജീവിക്കുന്നു. എപ്പോഴും വീട് ഭംഗിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്ന അമ്മയോട് ഒരിക്കൽ മകൾ ചോദിച്ചു:
”അമ്മേ, നമ്മുടെ വീട്ടിൽ വരാൻ നമുക്കാരും ഇല്ല. പിന്നെന്തിനാ ഈ വീടെപ്പോഴും ഇങ്ങനെ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി അമ്മ കഷ്ടപ്പെടുന്നത്?”
”മോളേ, ആരും വരാനില്ലെങ്കിലും ഇത് ദൈവം തന്ന വീടാ. നമുക്കാരും ഇല്ലെങ്കിലും ദൈവം നമ്മുടെ കൂടെയുണ്ട്. അപ്പോൾ ദൈവം തന്ന, ദൈവം വസിക്കുന്ന വീട് അലങ്കോലപ്പെട്ടു കിടന്നാൽ ദൈവത്തിനു വിഷമമാവില്ലേ?”
മകളുടെ ചോദ്യവും അമ്മയുടെ ഉത്തരവും ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതത്തിന്റെ മനോഹാരിതയും ശക്തിയും വെളിപ്പെടുത്തിത്തരുന്നുണ്ട്. ”എന്നെ അന്വേഷിക്കുവാൻ ആരുമില്ല, എന്നെ സ്‌നേഹിക്കാനും മനസിലാക്കാനും സഹായിക്കാനും ആരുമില്ല, എന്റെ ജീവിതം വിലയില്ലാത്തതാണ്,” തുടങ്ങിയ ചിന്തകൾ സ്വന്തം ജീവിതത്തെ സ്‌നേഹിക്കാനും ആദരിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്താം. തല്ഫലമായി എങ്ങനെയെങ്കിലും ജീവിച്ചാൽ മതി എന്ന മനോഭാവം രൂപപ്പെടുകയും ജീവിതം അലങ്കോലപ്പെട്ടുപോവുകയും ചെയ്യും. എന്നാൽ, ക്രിസ്തു ജീവിതത്തിന്റെ കേന്ദ്രമാകുമ്പോൾ എല്ലാം വ്യത്യസ്തമാകും.
മറ്റുള്ളവരുടേതുപോലെയുള്ള കഴിവോ അറിവോ ഇല്ലെങ്കിലും ഇത് ദൈവം തന്ന ജീവിതമാണ്. നമ്മുടെ ജോലി, ജീവിതപങ്കാളി, മക്കൾ ഇവിടെയെല്ലാം നമ്മളാഗ്രഹിക്കാത്ത കുറവുകളുണ്ടാകാം. കുറവുകളുണ്ടെങ്കിലും അവയെല്ലാം ദൈവം തന്നതാണ്.
ദൈവം തന്ന സമ്മാനങ്ങളെ അവഗണിക്കുമ്പോൾ ദൈവത്തെതന്നെയാണ് അവഗണിക്കുന്നത്. അത് സ്‌നേഹംതന്നെയായ ദൈവത്തിന്റെ ഹൃദയത്തെ വേദനിപ്പിക്കും. അതിനാൽ എങ്ങനെയെങ്കിലും ജീവിച്ചാൽ പോരാ. ഏറ്റവും നന്നായി ജീവിക്കണം. ദൈവത്തോടുള്ള സ്‌നേഹം ദൈവം തന്നതിനെയെല്ലാം ആദരവോടും സ്‌നേഹത്തോടുംകൂടെ കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കും. ദൈവം സ്നേഹം ആണെന്ന വചനം നമ്മെ വഴി നടത്തണം.