May 13, 2013

അക്ഷയതൃതീയ : ആത്മീയതയുടെ പേരിലുള്ള കച്ചവട തന്ത്രം തിരിച്ചറിയുക

'എന്താ ശിവരാമന്‍ നായരെ, വളരെ സന്തോഷത്തിലാണല്ലോ?'

'വീടും പറമ്പും പാടവും പണയപ്പെടുത്തിയാണെങ്കിലൂം ഞാന്‍ കുറച്ച് പണം സംഘടിപ്പിച്ചു. ഇനി ഇതില്‍നിന്ന് ഒരു ഭാഗം കൊണ്ട് സ്വര്‍ണം വാങ്ങും, നാളെ അക്ഷയതൃതീയയല്ലേ...'

...പിന്നീട് കാണുന്നത് - സ്വന്തം മകളുടെ കല്യാണത്തിന് മുൻപ് ശിവരാമന്‍ കയറില്‍ തൂങ്ങി.

എസ്. ശ്രീകുമാര്‍ (മലയാളസമീക്ഷ)

"അക്ഷയതൃതീയ" മലയാളികള്‍ക്ക് കൈവന്ന പുതിയ ആഘോഷങ്ങളിലൊന്നാണ് ഇത്. എല്ലാ പത്ര ടി.വി മാധ്യമങ്ങളിൽ ഇപ്പോൾ ഒരേ ഒരു പരസ്യം മാത്രം, "ഈ അക്ഷയതൃതീയ ഞങ്ങളോടൊപ്പം" അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളീയര്‍ക്ക് കേട്ടുകള്‍വിപോലുമില്ലായിരുന്ന അക്ഷയതൃതീയ വളരെ വേഗത്തിലാണ് നമ്മുടെ സ്വന്തം ദേശീയ ആഘോഷമായി മാറിയിരിക്കുന്നത്. സ്വര്‍ണവ്യാപാരികളും പലിശയിടപാട് സ്ഥാപനങ്ങളുമാണ് ഇതിനെ ഇന്ന് ജാതി മത ഭേതമെന്യേ ജനകീയമാകിയത്.ഈ ദിവസം സ്വര്‍ണം വാങ്ങിയാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം വരുമെന്നാണ് ചില സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പരസ്യങ്ങളുടെ ചുരുക്കം. ഈ വർഷത്തെ "അക്ഷയതൃതീയ" അടുത്തു വരുന്ന ഏതോ ദിവസങ്ങളിൽ ആണ്.

പണ്ടുകാലം മുതലേ ഉത്തരേന്ത്യയിലെ ജൈനമത വിശ്വാസികളും ഹിന്ദുക്കളും അക്ഷയതൃതീയ പുണ്യദിനമായി ആഘോഷിച്ചിരുന്നു. അന്നുചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് ക്ഷരം (ക്ഷയം) ഉണ്ടാവില്ലെന്നാണ് വിശ്വാസം. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനായ ആദിനാഥന് അയോധ്യയിലെ ജനങ്ങള്‍ കൈമറന്ന് സ്വര്‍ണവും ആനയും കുതിരയും (ചിലര്‍ സ്വന്തം സന്താനങ്ങളെപ്പോലും) ദാനംചെയ്ത സംഭവമാണ് ആ മതസ്ഥര്‍ക്ക് അക്ഷയതൃതീയ പുണ്യദിനമാകുന്നതിന്റെ അടിസ്ഥാനം. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഈ കഥയില്‍ ചെറിയ ഭേദഗതി വരുത്തിയാണ് തെക്കേ ഇന്ത്യയിലെ സ്വര്‍ണവ്യാപാരികള്‍ അക്ഷയതൃതീയയെ മാര്‍ക്കറ്റിങ് കാമ്പയിനിന് ഉപയോഗിച്ചതെന്നുകാണാം.

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുമ്പ്, ചെന്നൈയിലെ ഏതാനും സ്വര്‍ണ വ്യാപാരികളാണ് അക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്: 'അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങിയാല്‍ പിന്നെ സര്‍വൈശ്വര്യങ്ങളും ഗാരണ്ടി'. ആ പ്രഖ്യാപനം പതുക്കെ ക്ളച്ചുപിടിക്കുകയായിരുന്നു. ആദ്യവര്‍ഷത്തില്‍ ചെന്നൈയിലും ബംഗളൂരുവിലും മാത്രം ഒതുങ്ങിയ ഈ കാമ്പയിന്‍ പിന്നീട് കേരളത്തില്‍ സജീവമായി. ഇതിനിടെ, അക്ഷയതൃതീയയുടെ ആത്മീയമാനം വര്‍ധിപ്പിക്കുന്നതിനായി ദൈവങ്ങളെ ആലേഖനം ചെയ്ത ആഭരണങ്ങൾ അവർ ഇറക്കി.ദക്ഷിണേന്ത്യയിലെ പരസ്യവിപണിയും അതുവഴി മാധ്യമങ്ങളും അക്ഷയതൃതീയ ഏറ്റെടുത്തത്തോടെ ഈ ദിനം ഗോള്‍ഡ് ഷോപ്പിങ് ഫെസ്റ്റിവല്‍ ആയി മാറി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, കേരളത്തിലെ ചില സ്വര്‍ണക്കടക്കാര്‍ അക്ഷയതൃതീയ ദിനത്തില്‍ നടത്തിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഏതൊരു മാനേജ്മെന്റ് വിദഗ്ധനെയും അതിശയിപ്പിക്കുന്നതാണ്. ഐശ്വര്യ സ്വര്‍ണം വാങ്ങാനായെത്തിയവരുടെ ക്യൂ രാത്രിയിലും നീണ്ടപ്പോള്‍ കടയുടമകള്‍ 'ഭക്തജനങ്ങള്‍ക്ക് ' ഒരു സ്ലിപ് വിതരണംചെയ്തു. അടുത്തദിവസം സ്ലിപ്പുമായി വന്നാലും ഐശ്വര്യത്തോടെ തന്നെ വാങ്ങാമെന്നവര്‍ അറിയിച്ചതോടെ 'ഭക്തര്‍' മടങ്ങി പിറ്റേദിവസം സ്വര്‍ണവും പുണ്യവും കൈപ്പറ്റി. അക്ഷയതൃതീയ നാളിലെ തിരക്കൊഴിവാക്കാന്‍ സ്വര്‍ണവ്യാപാരികള്‍ അടുത്തവര്‍ഷം 'തൃതീയ' രണ്ടുദിവസമാക്കി പ്രഖ്യാപിച്ചു!

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വര്‍ണത്തിനുണ്ടായ വന്‍വില വര്‍ധനയെ അതിജീവിച്ച് ഇപ്രാവശ്യം എങ്ങനെ അക്ഷയതൃതീയ പൊടിപൊടിക്കാമെന്ന സമസ്യക്കും സ്വര്‍ണവ്യാപാരികള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നു. പഴയ സ്വര്‍ണം മാറ്റിയെടുത്താലും ഈ വര്‍ഷം മുതല്‍ ഐശ്വര്യം കരസ്ഥമാക്കാമെന്നാണ് ഇപ്പോള്‍ അവരുടെ വാഗ്ദാനം. കഴിഞ്ഞവര്‍ഷം 48 ടണ്‍ സ്വര്‍ണമാണത്രെ ഈ ദിനങ്ങളില്‍ കേരളത്തില്‍ വിറ്റഴിഞ്ഞത്.

നാം സാക്ഷരരായതിന് ശേഷമാണ് ഇത്തരത്തിലുള്ള ആത്മീയ വ്യാപാരങ്ങളില്‍ സജീവമാകുന്നത്. പുതിയ നൂറ്റാണ്ടില്‍ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിച്ചതോടെ ഇവിടെ മറ്റെങ്ങുമില്ലാത്തവിധം കമ്പ്യൂട്ടര്‍ ജ്യോതിഷവും നവ വാസ്തുശാസ്ത്രവുമെല്ലാം വേരുപിടിച്ചതിന്റെ പിന്നില്‍ കച്ചവടമല്ലാതെ മറ്റൊന്നുമല്ല.
സ്വര്‍ണവ്യാപാരികള്‍ക്ക് പുറമെ അക്ഷയതൃതീയയുടെ ഐശ്വര്യം ലഭിക്കുന്ന മറ്റൊരുവിഭാഗം ഇവിടത്തെ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളാണ്. പുണ്യ സ്വര്‍ണം കരസ്ഥമാക്കാന്‍ ഏതറ്റവുംവരെ പോകുന്ന മലയാളിയെ ചാക്കിലാക്കാന്‍ വന്‍കിട ബ്ലേഡുകാര്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. സീസണാകുന്നതോടെ ഇവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ഇവരുടെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.ഭക്തിയെയും വിശ്വാസത്തെയും വഴിതിരിച്ച് എങ്ങനെ കച്ചവടം നടത്താം എന്നതിന്റെ ഉദാഹരണമാണ് അക്ഷയതൃതീയ. ഇതിനു പിന്നിലെ തട്ടിപ്പുകൾ മനസ്സിലാക്കാതെ ഇന്ന് ഹിന്ദുക്കലോടൊപ്പം ക്രിസ്ത്യാനികളും "അക്ഷയതൃതീയ" ആഘോഷിക്കാൻ ഇറങ്ങി പുറപ്പെടുന്നു. നൂറു ശതമാനം സാക്ഷരത അവകാശപെടുന്ന ഒരു ജനതയുടെ ഇടയിൽ ആത്മീയത കച്ചവട തന്ത്രം ആകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് "അക്ഷയതൃതീയ", നാം ശരിക്കും ആത്മീയമായി സാക്ഷരരോ വെറും നിരക്ഷരരൊ? ചിന്തിക്കുക, പ്രവർത്തിക്കുക.