April 24, 2013

അന്നാമ്മയും പാസ്റ്ററും : വിശുദ്ധ നോമ്പു വേദാനുസരണമോ?

അന്നാമയുടെ ഭവനം.... ഉപദേശി പ്രവേശിക്കുന്നു......

അന്നാമ്മ-ഇരുന്നാട്ടെ. എവിടെ നിന്നു വരുന്നു. എന്താണ് വിശേഷം?

ഉപദേശി-ഇവിടുത്തെ സി. എം. എസ് പള്ളിയില്‍ പുതുതായി വന്ന ഉപദേശിയാണ്. അന്നാമ്മയ്ക്ക് വേദപുസ്തക പരിചയമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസാചരങ്ങളെല്ലാം വേദാനുസരണമാണെന്ന് വേദവാക്യങ്ങള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുമെന്നും മത്സ്യ മാംസ്യാദികള്‍ വെടിഞ്ഞുള്ള ഭക്ഷണക്രമമാണുള്ളതെന്നും അന്നാമ്മയുടെ ഉപദേശങ്ങള്‍ സത്യമാണെന്ന് വിശ്വാസിച്ച് വേദപരിജ്ഞാനമില്ലാത്ത ഞങ്ങളുടെ സഭയിലെ ചില പാവങ്ങള്‍ ഓര്‍ത്തഡോക്സ് സഭയില്‍ ചേര്‍ന്നുവെന്നും മറ്റും ഞങ്ങളുടെ സഭാജനങ്ങളില്‍ നിന്നും അറിഞ്ഞതുകൊണ്ട് അതേപ്പറ്റി സംസാരിക്കാമല്ലോയെന്ന് ആഗ്രഹിച്ചാണ് ഇങ്ങോട്ടു വന്നത്. അത് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം.

അന്നാമ്മ -ഓ! യാതൊരിഷ്ടക്കേടുമില്ല. സന്തോഷമേയുള്ളു. ഞങ്ങള്‍ പ്രാര്‍ത്ഥിക്കയും നൊയമ്പാചരിക്കുകയും ഒക്കെ ചെയ്യുന്നുവെന്നുള്ളത് സത്യമാണ്. എന്നാല്‍ ഉപദേശി ധരിച്ചിരിക്കുന്നതുപോലെ ഞാനൊരു വേദപുസ്തക പണ്ഡിതയല്ല. വേദകാര്യങ്ങളും സഭയുടെ വിശ്വാസങ്ങളും ഒക്കെ സണ്ടേസ്കൂളില്‍ പഠിച്ചിട്ടുണ്ട്. പിന്നെ ഞായറാഴ്ച്ചകളിലെ ആരാധനാവസരങ്ങളിലും പ്രാര്‍ത്ഥാനയോഗത്തിലും മറ്റും ബഹു: അച്ചന്മാരുടെ പ്രസംഗങ്ങളും പ്രബോധനങ്ങളും കേട്ട് പഠിച്ചിട്ടുണ്ട്. അതില്‍ കൂടുതലായൊന്നുമില്ല. ഉപദേശിക്ക് എന്താണ് സംസാരിപ്പാനുള്ളത്.ഉപദേശി-മറ്റൊന്നുമല്ല. വേദപുസ്തകം പഠിക്കുന്ന ഒരാള്‍ക്ക് അല്പം മത്സ്യമോ മാംസമോ ഭക്ഷിച്ചുപോയാല്‍ അത് പാപമാണെന്ന് പറവാന്‍ സാധ്യമല്ല. മുടിയനായ പുത്രന്റെ ഉപമയില്‍ തടിച്ച കാളക്കുട്ടിയെ അറുത്ത് ഭക്ഷണം ഒരുക്കിയെന്നാണ് കര്‍ത്താവ് പോലും കല്പിച്ചിരിക്കുന്നത്?അന്നാമ്മ -മത്സ്യവും മാംസവും ഭക്ഷിക്കരുതെന്നും അത് പാപമാണെന്ന് ഇപ്പോള്‍ ആരാണ് പറയുന്ന്?ഉപദേശി-അന്നാമ്മ അതൊന്നും ഭക്ഷിക്കാതെ ഇപ്പോള്‍ നൊയമ്പ് ആചരിക്കയാണെന്നല്ലേ പറഞ്ഞത്?

അന്നാമ്മ -അതേ. ഇപ്പോള്‍ നൊയമ്പുകാലമായതുകൊണ്ടാണ്. അത് വി. സഭയുടെ കല്പനയെ അനുസരിക്കയാണ്. നമ്മുടെ കര്‍ത്താവിന്റെ കല്പനയും അങ്ങനെയാണല്ലോ.

ഉപദേശി-കര്‍ത്താവ് അങ്ങനെ കല്പിച്ചിട്ടുണ്ടോ? 'മനുഷ്യന് അശുദ്ധി വരുത്തുന്നത് വായിക്കകത്ത് ചെല്ലുന്നതല്ല; വായില്‍ നിന്ന് പുറപ്പെടുന്നതത്രേ' (മത്തായി 15.11) എന്ന് തെളിവായി പറഞ്ഞിരിക്കുമ്പോള്‍ നൊയമ്പെന്നും പറഞ്ഞ് അതിന് വിപരീതം കാണിക്കുന്നത് കല്‍പ്പനാ ലംഘനവും പാപവും ഒരു മൂഢാചാരവുമല്ലേ?

അന്നാമ്മ - ഉപദേശി! ഒരു അപ്പോസ്തോലിക സഭയുടെ വിശ്വാസാചാരങ്ങളെപ്പറ്റി അറികയോ പഠിക്കയോ ചെയ്യാതെ വേദവിപരീതമെന്നും മൂഢാചാരമെന്നും ഒക്കെ പറയുന്നതിനുപകരം അല്പം കൂടെ സൌമ്യമായി സംസാരിക്കയല്ലേ സന്തോഷകരമായി തോന്നാവുന്നത്

ഉപദേശി-വേദവിരുദ്ധമായ ഒരാചാരത്തെപ്പറ്റി അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് പറയേണ്ടത്?
അ-ശരി, അത് വേദവിപരീതമാണോയെന്ന് പരിശോധിക്കാം. വായിലോട്ടു പോകുന്നതൊന്നും മനുഷ്യന് അശുദ്ധിയോ പാപമോ വരുത്തുന്നില്ല അല്ലേ?

ഉപദേശി-ഇല്ല. നിശ്ചയമായും ഇല്ല. അതാണ് തിരുവചനം.

അന്നാമ്മ-ഏദന്‍തോട്ടത്തിന്റെ നടുവില്‍നിന്ന വൃക്ഷത്തിന്റെ ഫലം വായ്ക്കകത്തുചെന്ന് വയറ്റിലോട്ട് പോയത് പാപമായോ? അശുദ്ധമായോ? പറഞ്ഞാട്ടെ.

ഉപദേശി-(മൌനം)

അന്നാമ്മ-എന്താ ഒന്നും പറവാനില്ലേ? പറയണ്ടേ. വായില്‍നിന്നും പുറപ്പെടുന്നത് അശുദ്ധിയും പാപവും എന്നാണോ തിരുവചനം?

ഉപദേശി-അതേ.'മനുഷ്യന് അശുദ്ധി വരുത്തുന്നത് വായില്‍ നിന്നും പുറപ്പെടുന്നതത്രേ.'എന്നാണ് വേദവാക്യം.

അന്നാമ്മ-വായില്‍നിന്ന് പുറപ്പെടുന്നതാണ് പ്രാര്‍ത്ഥനയും സ്തോത്ര ഗീതങ്ങളും. ഉപദേശി പാടുകയും പ്രാര്‍ത്ഥിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ടോ? ആ മഹാ പാപങ്ങള്‍ നിത്യവും ചെയ്യുന്നുണ്ടോ?

ഉപദേശി-(മൌനം)

അന്നാമ്മ-എന്താ ഉപദേശീ ഒന്നു പറയാത്തത്? ഒന്നും പറവാനില്ലേ? തന്റെ ശിഷ്യന്മാര്‍ പൂര്‍വ്വികരുടെ സമ്പ്രദായം ലംഘിച്ചു കൈകള്‍ കഴുകാതെ ഭക്ഷിക്കുന്നതു കണ്ട് യഹൂദന്മാര്‍ ആക്ഷേപിച്ചപ്പോള്‍ അതിന് സാന്ദര്‍ഭികമായ മറുപടിയായി 'മനുഷ്യന് അശുദ്ധി വരുത്തുന്നത് വായിക്കത്തേക്ക് പോകുന്നതല്ല, വായില്‍ നിന്ന് പുറപ്പെടുന്നതത്രെ' എന്നു കര്‍ത്താവ് കല്‍പ്പിച്ചതിനെ വിശുദ്ധ നൊയമ്പാചരണത്തിന്നെതിരായി വ്യാഖ്യാനിക്കുന്നത് ശരിയാണോ? കൈയ്കഴുകാതെ ഭക്ഷിക്കുന്നത് ശരീരവൃത്തിക്ക് പോരാത്തതാണെങ്കിലും ആത്മാവിനെ ബാധിക്കുന്നില്ല എന്ന് മാത്രമല്ലേ അതിനര്‍ത്ഥമുള്ളു. 'ഒരുവന്‍ കൈയ് കഴുകാതെ ഭക്ഷിച്ചുവെന്നതുകൊണ്ട് അവന്‍ അശുദ്ധപ്പെടുന്നില്ല' മത്താ.15:20 എന്ന് പ്രത്യേകമായി കര്‍ത്താവ് കല്പിക്കുകയും ചെയ്യുന്നുണ്ടല്ലോ.

ഉപദേശി-യെശ. 58:6-ല്‍ ഉപവാസം അഥവാ നൊയമ്പ് എന്താണെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്. 'അന്യായ ബന്ധങ്ങളെ അഴിക്കുക. അമിക്കയറുകളെ അഴിക്കുക. പീഡിതരെ സ്വതന്ത്രരായി വിട്ടയക്കുക ഇതല്ലയോ എനിക്കിഷ്ടമുള്ള ഉപവാസം?' ഈ വാക്യവും നിങ്ങളുടെ നൊയമ്പുമായുള്ള ബന്ധമെന്താണ്?

അന്നാമ്മ-അടുത്ത വാക്യം കൂടെ വായിച്ചാട്ടെ.

ഉപദേശി-വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കി കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ ഭവനത്തില്‍ ചേര്‍ത്തു കൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസ രക്തങ്ങളായിരുന്നവര്‍ക്ക് നിന്നെ തന്നെ മറക്കാതെയിരിക്കുന്നതും അല്ലയോ എനിക്കിഷ്ടമുള്ള ഉപവാസം.'

അന്നാമ്മ-ഇതിന് മുകളിലുള്ള 3, 4, 5 വാക്യങ്ങളില്‍ നൊയമ്പാചരിക്കുന്നവര്‍ ആചരിക്കാത്തവരെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. അവര്‍ അക്ഷരീയമായി നൊയമ്പാചരിക്കുന്നുണ്ടെങ്കിലും ആത്മീക അനുഭവങ്ങള്‍ അവരില്‍ കാണാത്തതിനെ ശാസിക്കയോ ഗുണദോഷിക്കയോ ചെയ്യുകയും നൊയമ്പിനാല്‍ ആത്മികാനുഭവങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ട വിധങ്ങളെപ്പറ്റി ഉദ്ബോധിപ്പിക്കയും ചെയ്യുന്ന ഭാഗങ്ങളാണ് 6, 7 വാക്യങ്ങള്‍. നൊയമ്പാചരണം വേണ്ടെന്നോ ആവശ്യമില്ലെന്നോ പറയുകയല്ല. പിന്നെയോ നൊയമ്പ് എങ്ങനെ അനുഭവപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയാണ്.

ഉപദേശി-അത് ശരി. പക്ഷേ കര്‍ത്താവ് യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്യാതെയാണല്ലൊ നാല്‍പ്പത് ദിവസം ഉപവസിച്ചത് നിങ്ങളാകട്ടെ ഇറച്ചിയും മീനും മുട്ടയും മറ്റും ഉപയോഗിക്കാതെ വയറു നിറയെ ഭക്ഷണം കഴിച്ചുകൊണ്ടാണ് നൊയമ്പാചാരിക്കുന്നുവെന്നു പറയുന്നത്. ഇത് വേദാനുസരണമുള്ള നൊയമ്പാകുമോ? മാനസാന്തരാനുഭവങ്ങളും പ്രാര്‍ത്ഥനാ ജീവിതവും വിശുദ്ധ കൂട്ടായ്മയുമാണ് ക്രിസ്തീയ ജീവിതത്തിന്റെ വിശദീകരണം. അല്ലാതെ ഏതാനും ദിവസങ്ങളിലെ നൊയമ്പാചരണംകൊണ്ട് എന്തു പ്രയോജനമാണ്.

അന്നാമ്മ-കര്‍ത്താവ് നാല്‍പ്പത് ദിവസം ഉപവസിച്ചു. മോശ നാല്‍പ്പത് ദിവസം നൊയമ്പാചരിച്ച് കല്‍പ്പനകള്‍ വാങ്ങിച്ചു. പുറ. 34:28 ഏലിയാ നാല്‍പ്പത് ദിവസം നൊയമ്പാചരിച്ചു സ്വര്‍ഗത്തിലേക്ക് കരേറി. (1 രാജാ. 19:8) നിനുവ പട്ടണവാസികള്‍ ഒന്നടങ്കം മൂന്നുദിവസം നൊയമ്പാചരിച്ച് ദൈവകോപത്തില്‍ നിന്നും രക്ഷ പ്രാപിച്ചു. (യോന. 3:6) എസ്തേര്‍ നാലാം അദ്ധ്യായം മുതല്‍ പേര്‍ഷ്യയിലെ അഹശ്വരസ് രാജാവിന്റെ കാലത്ത് എല്ലാ യൂദരും മൂന്നു ദിവസം നൊയമ്പാചരിച്ച് മരണത്തില്‍നിന്നും രക്ഷപ്പെട്ട സംഭവം വിവരിച്ചിരിക്കുന്നു. ദാനിയേല്‍ പ്രവാചകന്‍ യഹൂദ ജനതയ്ക്കുവേണ്ടി നൊയമ്പാചരിച്ച് ഉപവാസത്തോടെ പ്രാര്‍ത്ഥിച്ചു. (ദാനി. 9:3-21) എസ്രായും നെഹമ്യായും നൊയമ്പാല്‍ ദൈവസഹായം പ്രാപിച്ചു. (എസ്രാ. 8.23, നെഹ. 1;4) \"നൊയമ്പിനെ നിങ്ങള്‍ ശുദ്ധമാക്കുവിന്‍. നൊയമ്പാലും വിലാപത്താലും ദുഃഖത്താലും നിങ്ങളുടെ ഹൃദയങ്ങളെ എങ്കലേക്ക് തരുവിന്‍'' (യോയേല്‍ 1.14:2:12) ഈ വാക്യങ്ങളിലെല്ലാം നൊയമ്പ് ആവശ്യമെന്നും പൂര്‍വ്വപിതാക്കന്മാരും നമ്മുടെ കര്‍ത്താവും നൊയമ്പാചരിച്ച ദിവസങ്ങളുടെ സംഖ്യയില്‍ വ്യത്യാസമുണ്ടെങ്കിലും ദൈവം ആ നൊയമ്പുകളില്‍ പ്രസാദിച്ചിരിക്കുന്നുവെന്നും തെളിയുന്നുണ്ടല്ലോ.

ഉപദേശി-ഉണ്ട്. പക്ഷേ അവരെല്ലാം ഒന്നും ഭക്ഷിക്കാതെ നൊയമ്പാചരിച്ചിരുന്നവരായിരുന്നു. ഇറച്ചിയും മീനും മാത്രം വെടിഞ്ഞവരല്ലായിരുന്നു.

അന്നാമ്മ-ശരി, അപ്പോള്‍ നൊയമ്പ് ആവശ്യമാണെന്നും വേദാനുസരണമാണെന്നും ഉപദേശി സമ്മതിക്കുന്നു. അത് ഭക്ഷണം മുഴുവന്‍ വെടിഞ്ഞുള്ളതായിരിക്കണമെന്നുള്ളതാണ്. അങ്ങനെയല്ലേ?

ഉപദേശി-അതേ, ഭക്ഷണക്രമത്തില്‍ വ്യത്യാസം വരുത്തി നിങ്ങളിപ്പോളാചരിക്കുന്നതുപോലുള്ള നൊയമ്പ് നിങ്ങളുടെ മെത്രാച്ചന്മാരുടേയും സുന്നഹദോസുകളുടെയും സൃഷ്ടിയാണ്. അല്ലാതെ വേദാനുസരണമുള്ളതല്ല.

അന്നാമ്മ-അത് പറയാം. കര്‍ത്താവും മോശയും ഏലിയായും നാല്പത് ദിവസം വീതം നൊയമ്പാചരിച്ചുവെങ്കില്‍ നിനുവയക്കാരും പേര്‍ഷ്യയിലെ അഹശ്വരസ് രാജാവിന്റെ കാലത്ത് എസ്തേറും മോര്‍ദേഖായിയും ശേഷം യൂദരും മൂന്നു ദിവസം വീതമെ നൊയമ്പാചരിച്ചുള്ളു. യിസ്രയേല്യര്‍ മുഴുവനും ഒരു ദിവസം ഉപവസിച്ചുവെന്ന് 1 ശമു. 7:6-ല്‍ കാണുന്നു. ഇങ്ങനെ നൊയമ്പുകളുടെ ദിവസങ്ങളിലുള്ള വ്യത്യാസം വേദാനുസരണമെന്ന് സമ്മതിക്കുന്നുണ്ടല്ലോ.

ഉപദേശി- ഉണ്ട്.

അന്നാമ്മ- ശരി. ഇനി ഭക്ഷണക്കാര്യം നോക്കാം. ദാനി. 1:8-12 വരെ വാക്യങ്ങളില്‍, ദാനിയേല്‍, ഹാനാനിയ, മിശായേല്‍, അസറിയ എന്നീ പൈതങ്ങള്‍ രാജകീയ ഭക്ഷണം ഉപേഷിച്ച് പരിപ്പും വെള്ളവും മാത്രം ഉപയോഗിച്ചുവെന്ന് കാണുന്നു.

ഉപദേശി-അവര്‍ ആ ദിവസങ്ങളില്‍ നൊയമ്പാചരിക്കുകയല്ലായിരുന്നല്ലോ.
അന്നാമ്മ-അവര്‍ ഭക്ഷണ ക്രമത്തില്‍ വ്യത്യാസം വരുത്തി. സുഖകരമായ ഭക്ഷണം ഉപേക്ഷിച്ച് പരിപ്പും പച്ചവെള്ളവും മാത്രം ഉപയോഗിച്ചു.

ഉപദേശി-അതിനെന്താണ് അതും നൊയമ്പുമായുള്ള ബന്ധമെന്താണ്?

അന്നാമ്മ-പറയാം, 'ആ ദിവസങ്ങളില്‍ ദാനിയേലാകുന്ന ഞാന്‍ മൂന്നാഴ്ച്ചവട്ടം വിലപിച്ചിരുന്നു. രസകരമായ അപ്പം ഞാന്‍ ഭക്ഷിച്ചില്ല. മാംസവും വീഞ്ഞും എന്റെ വായില്‍ പ്രവേശിച്ചില്ല. (ദാനി. 10:2) വിലാപത്താലും ദുഃഖത്താലും നൊയമ്പിനെ ശുദ്ധീകരിച്ച് ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് കൊടുക്കണമെന്ന് യോയേല്‍ 1:14, 2:12 എന്നീ വാക്യങ്ങളില്‍ കാണുന്നു. നൊയമ്പ് കാലത്തെ വിലാപകാലമെന്നും പറയുന്നുണ്ട്. നൊയമ്പു കാലത്തെ മൂന്നാഴ്ചവട്ടം ദാനിയേല്‍ മാംസമോ വീഞ്ഞോ രസകരമായ അപ്പമോ ഭക്ഷിക്കാതെ ഇരുന്നു. ഓരോരുത്തരുടെ ശക്തിയും പ്രാപ്തിയും പോലെ ദിവസങ്ങളുടെ എണ്ണത്തിലും ഭക്ഷണക്രമത്തിലും വ്യത്യാസങ്ങള്‍ വരുത്തി നൊയമ്പാചരിക്കുന്നു.

ഉപദേശി-ചിലതൊക്കെ ഭക്ഷിക്കയും മറ്റു ചിലത് ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടുള്ള ആത്മീക ഗുണമെന്താണ്?

അന്നാമ്മ-യോഹന്നാന്‍ സ്നാപകന്‍ സ്ത്രീകളില്‍ നിന്ന് ജനിച്ചിട്ടുള്ളവരില്‍ വച്ച് ഏറ്റം വലിയവനായിരുന്നു. അദ്ദേഹം മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ഹാനനിയ മുതലായ പൈതങ്ങള്‍ പരിപ്പും വെള്ളവും മാത്രം ഭക്ഷിച്ചിരുന്നു. ദാനിയേല്‍ രസകരമായ അപ്പവും വീഞ്ഞും ഉപേക്ഷിച്ചു. ഇങ്ങനെ പലരീതിയില്‍ ഭക്ഷണത്തില്‍ വ്യത്യാസം വരുത്തി നൊയമ്പാചരിക്കുന്നതുകൊണ്ടുള്ള ഗുണം അത് അനുഷ്ഠിക്കുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും അറിവാന്‍ കഴിയുന്നു.

ഉപദേശി-ഇതേപ്പറ്റി നിങ്ങളുടെ സഭയുടെ നിയമമെന്താണ്?

അന്നാമ്മ-നൊയമ്പുകാലങ്ങളില്‍ സന്ധ്യവരെയോ വൈകിട്ട് മൂന്നു മണിവരെയോ യാതൊന്നും ഭക്ഷിക്കാതെ ഉപവസിക്കണമെന്നാണ് കല്പന. അതിന് ശക്തിയില്ലാത്തവര്‍ ഉച്ചവരെ ഉപവസിക്കണം. അതിനും കഴിവില്ലാത്തവര്‍ രുചികരവും ശരീരപോക്ഷകപ്രദങ്ങളുമായ മുട്ട, പാല്‍, മത്സ്യം, മാംസം മുതലായവ വെടിഞ്ഞ് പ്രത്യേക പ്രാര്‍ത്ഥനകളും കുമ്പിടീലും ധ്യാനങ്ങളും നടത്തി ആത്മശുദ്ധീകരണം തേടണം. പുണ്യപ്രവര്‍ത്തികള്‍ കുടുതലായി ചെയ്യുകയും വേണം. എല്ലാവരും സത്യകുമ്പസാരം നടത്തി വി. കുര്‍ബ്ബാന അനുഭവിക്കണമെന്നും നിര്‍ബന്ധമുണ്ട്. അതുപോലെ വേറെയും പലതുമുണ്ട്.

ഉപദേശി-ഇനിത് പുതിയനിയമ വേദപുസ്തകത്തിലുള്ള തെളിവുകള്‍ എന്തെല്ലാമാണ്.
അ-ധാരാളം തെളിവുകളുണ്ടല്ലൊ പറയാം. 'ഉപവാസത്താലും പ്രാര്‍ത്ഥനയാലും രാപ്പകല്‍ ദൈവത്തെ സേവിച്ചവള്‍' (ലൂക്കൊ. 2:37) എന്ന് ഹന്നായെ കുറിച്ചു പറയുന്നു. മത്തായി നാലാം അദ്ധ്യായത്തില്‍ നമ്മുടെ കര്‍ത്താവ് നൊയമ്പ് ആചരിക്കുകയും സാത്താനെ ജയിക്കുകയും ചെയ്ത സംഭവം വിവരിക്കുന്നു. മത്തായി. 6: 16-ല്‍ എങ്ങനെ ഉപവസിക്കണമെന്ന് കര്‍ത്താവ് കല്പിക്കുന്നു.മത്തായി. 9:15 ഈ നൊയമ്പ് തുടര്‍ച്ചയായി സഭ ആചരിക്കണമെന്ന് കര്‍ത്താവ് പഠിപ്പിക്കുന്നു.മത്തായി 17:21 'നൊയമ്പാലും പ്രാര്‍ത്ഥനയാലുമല്ലാതെ ഈ ജാതി (പിശാചുകള്‍) ഒഴിഞ്ഞു പോകയില്ലെന്ന് കര്‍ത്താവ് കല്പിക്കുന്നു.അപ്പോ.13:2-ല്‍ അന്ത്യോഖ്യായിലെ ക്രിസ്ത്യാനികള്‍ ഉപവസിച്ച് കര്‍ത്തൃശുശ്രൂഷകള്‍ ചെയ്തതായി കാണുന്നു.അപ്പോ 13:3 'അങ്ങനെ അവര്‍ ഉപവസിച്ചു പ്രര്‍ത്ഥിച്ച് അവരുടെ (ബര്‍ന്നബാസിന്റെയും ശൌലിന്റെയും) മേല്‍ കൈവച്ച് അവരെ (സുവിശേഷ വേലക്കായി) പറഞ്ഞയച്ചു. ഇനിയുമുണ്ട് തെളിവുകള്‍ ഇതുപോരേ ഉപദേശി?

ഉപദേശി-മതി എന്നാല്‍ അപ്പോസ്തേലന്മാരും ആദിമസഭയും നൊയമ്പാചരിച്ചിരുന്നുവെന്നുള്ളതിന് തെളിവുണ്ടോ?

അന്നാമ്മ-ഉണ്ടല്ലോ. അതല്ലേ മേല്‍പറഞ്ഞ അപ്പോ. 13:2,3 വാക്യങ്ങളില്‍ കാണിച്ചത്. അതും കൂടാതെ അപ്പോ 27:9-ല്‍ 'ഇങ്ങനെ വളരെ നാള്‍ ചെന്നശേഷം നൊയമ്പും കഴിഞ്ഞിരിക്കെ-' ഇത് വി. പൌലൂസ് പറയുന്നതാണ്. നൊയമ്പ് ആചരിക്കുന്ന പതിവ് അന്ന് സഭയില്‍ സാര്‍വ്വത്രികമായിരുന്നതുകൊണ്ടാണല്ലോ നൊയമ്പിന്റെ കാര്യം ഒരു കാലനിര്‍ണ്ണയഘട്ടമായി അദ്ദേഹം പറഞ്ഞത്.

ഉപദേശി-നൊയമ്പാചരണം സ്ഥാപിക്കാന്‍ വേദത്തെളിവുകള്‍ ധാരാളമുണ്ട്. പലരുടേയും നൊയമ്പാചരണം ഭക്ഷണത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളല്ലാതെ യഥാര്‍ത്ഥ മാനസാന്തരാനുഭവങ്ങളില്‍ വരുത്തുന്നത് ചുരുക്കമാണ്. അത് നൊമ്പിന്റെ ഉദ്ദേശത്തിന് വിരുദ്ധമല്ലേ?

അന്നാമ്മ-യഥാര്‍ത്ഥമായ അനുതാപവും ശുദ്ധീകരണവും ഉണ്ടാകാനാണ് നൊയമ്പാചരിക്കുന്നത്. ബാഹ്യമായും ആന്തരികമായും നൊയമ്പാചരിക്കണം. 'പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമത്രേ.' യാക്കോ. 2:20 സി. എം. എസ്. സഭയിലും നൊയമ്പാചരണം വേണമെന്ന് പഠിപ്പിക്കുന്നില്ലേ?

ഉപദേശി- ഇല്ല. ഞങ്ങള്‍ക്ക് നൊയമ്പാചരണമെന്നുമില്ല ആത്മികാനുഭവങ്ങളുണ്ടാകണമെന്നേയുള്ളു.
അ-എല്ലാ വെള്ളിയാഴ്ച്ചയും ഉപവസിക്കണമെന്ന് നിങ്ങളുടെ പള്ളിക്രമത്തിലും സഭാപഞ്ചാംഗത്തിലും ഉണ്ടെന്നാണ് തോന്നുന്നത്. വെള്ളിയാഴ്ച്ച ക്രിസ്തുമസ് വന്നാല്‍ അന്ന് ഉപവസിക്കണ്ടായെന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥമെന്താണ്?
ഉപ-ഞാന്‍ ആ ഭാഗം കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല. അന്നാമ്മ പറയണം അതിന്റെ അര്‍ത്ഥമെന്താണെന്ന്?

അന്നാമ്മ-ക്രസ്തുമസ് വെള്ളിയാഴ്ച്ച വന്നാല്‍ അന്ന് നൊയമ്പനുസരിച്ചുള്ള ഭക്ഷണരീതി ആചരിക്കേണ്ടയെന്നാല്ലാതെ മറ്റെന്താ1ണ്?നിങ്ങളുടെ സഭപോലും അംഗീകരിച്ചിട്ടുള്ള നൊയമ്പാചരണം തെറ്റാണെന്നും മൂഢാചാരമാണെന്നും ഒക്കെ പറഞ്ഞത് അല്പം കൂടുതലായിപ്പോയില്ലേയെന്ന് ഉപദേശി ശാന്തമായി ചിന്തിച്ചാട്ടെ.

ഉപദേശി-അന്നാമ്മ ക്ഷമിക്കണം. ഞാനപ്പോള്‍ അങ്ങനെ പറഞ്ഞു പോയെന്നേയുള്ളു. ദുഃഖിക്കുന്നു.
അ-അത് സാരമില്ല ഉപദേശി. ഞാന്‍ തമാശയായി പറഞ്ഞതാണ്. ഉപദേശിയും നൊയമ്പാചരിക്കണം. ആത്മശുദ്ധീകരണത്തിനും ജഡമോഹങ്ങളെ ജയിക്കുന്നതിനും സ്നേഹസേവനങ്ങളുടെ ക്രിസ്തീയ സാക്ഷ്യം നിവര്‍ത്തിക്കാനും നൊയമ്പാവശ്യമാണ്.
യഹൂദാ സഭയില്‍ ഉപവാസം സര്‍വ്വസാധാരണമായിരുന്നു. അന്ന് എല്ലാവരും ആത്മതപനം ചെയ്യണമെന്നായിരുന്നു നിയമം. (ലേവ്യാ 16:31) അന്ന് ഭക്ഷിക്കുകയോ പാനം ചെയ്യുകയോ എണ്ണതേയ്ക്കുകയോ കുളിക്കുകയോ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്ന് അനുശാസിച്ചിരുന്നു.

ഉപദേശി-ഓരോ ആവശ്യങ്ങള്‍ പ്രമാണിച്ച് ചിലരൊക്കെ പ്രത്യേകം നൊയമ്പുകള്‍ ആചരിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ. അത് ശരിയാണോ?

അന്നാമ്മ-ശരിയാണ് രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും പൊതുവായുള്ള അനുതാപത്തിനും ദൈവീക അനുഗ്രഹത്തിനുമായി നൊയമ്പ് ആചരിക്കുന്നുണ്ട്. ബന്യാമിന്‍ ഗോത്രക്കാരുമായുണ്ടായ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇസ്രയേല്‍ ജനം മുഴുവനും ഉപവസിക്കുകയുണ്ടായി. (ന്യായാ. 20:26)പ്രായശ്ചിത്തമായി നൊയമ്പാചരിക്കുന്ന പതിവുണ്ട്. ജനം ബാല്‍ വിഗ്രഹത്തിന്റെ പുറകെ പോയതിനാല്‍ ശമുവേല്‍ അവരെക്കൊണ്ട് ഉപവാസം നടത്തിക്കുന്നു. (1.ശമു. 7:6) നെഹമ്യാവ് ജനത്തെ അവരുടെ പാപപരിഹാരാര്‍ത്ഥം നൊയമ്പ് ആചരിക്കുന്നു. (നെഹ. 9:1) നിനുവയക്കാര്‍ പുറജാതികളായിരുന്നെങ്കിലും നൊയമ്പിനാല്‍ അവര്‍ക്ക് കരുണ ലഭിച്ചു.ദൈവീക വെളിപാടിനുള്ള മുഖാന്തിരമായി ഉപവാസം നടത്തുന്നു. മോ ശ നൊയമ്പാചരിച്ചു കല്പലകകള്‍ ലഭിക്കാന്‍ യോഗ്യനായി. ദാനിയേല്‍ ബാബിലോണില്‍വച്ച് തന്റെയും പിതാക്കന്മാരുടെയും പാപങ്ങള്‍ക്കുവേണ്ടി ഉപവസിച്ച് പ്രര്‍ത്ഥിച്ച് ദൈവീക വെളിപ്പാടിനായി കാത്തിരുന്നു. 'നീ എന്റെ പ്രിയനാകയാല്‍ നിന്റെ അപേക്ഷയുടെ ആരംഭത്തില്‍ തന്നെ കല്പന പുറപ്പെട്ടു. നിന്നോടറിയിപ്പാന്‍ ഞാന്‍ വന്നിരിക്കുന്നു' (ദാനി. 9:23) എന്നുള്ള ദൂത് മാലാഖ മുഖാന്തിരം അവന് ലഭിക്കുന്നു. നൊയമ്പാചാരണംമൂലം ശരീരം ക്ഷീണിക്കയും നിയന്ത്രണ വിധേയമാകയും ചെയ്യുമ്പോള്‍ ആത്മശക്തി വര്‍ദ്ധിക്കുന്നുവെന്നുള്ളത് ഒരു യാഥാ ര്‍ത്ഥ്യമാണ്. അതുകൊണ്ട് ഉപദേശി നൊയമ്പാചരണം ജീവിതത്തിന്റെ ഒരു നിഷ്ഠയാക്കണമെന്ന് ദൈവനാമത്തില്‍ ഞാന്‍ സ്നേഹത്തോടെ അപേക്ഷിക്കയാണ്.

ഉപദേശി-- അന്നാമ്മെ വളരെ സന്തോഷം അന്നാമ്മ എന്നെ ഒരു ഓര്‍ത്തഡോക്സ്കാരനാക്കിയെന്ന് തോന്നുന്നു. ഏതായാലും നൊയമ്പാചരണം ഒരു ദോഷമുള്ള കാര്യമായി തോന്നുന്നില്ലല്ലോ? എനിക്ക് പലതും പഠിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്, നമുക്ക് പ്രാര്‍ത്ഥിക്കാം.

അന്നാമ്മ-പ്രാര്‍ത്ഥിക്കാം. (പ്രാര്‍ത്ഥിക്കുന്നു)

പാപ്പന്‍-കൊച്ചമ്മേ! കാപ്പി എടുത്തുവച്ചു.

അന്നാമ്മ-കൊള്ളാം, മിടുക്കന്‍., വന്നാട്ടെ ഉപദേശി. കാപ്പികുടിച്ചിട്ട് പോകാം.

(മലങ്കര സഭ വിശ്വാസ പഠന സംവാദം, കാലം ചെയ്ത ഗീവറുഗീസ് അഞ്ചൽ അച്ഛൻ എഴുതിയത്)