Posted by John Samuel Vekal

സംവാദം

വിഷയം : വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന ആവശ്യമോ?

(അന്നാമ്മയുടെ ഭവനം. പാസ്റര്‍ പ്രവേശിക്കുന്നു)

അന്നാമ്മ- നമസ്കാരം പാസ്റര്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നല്ലോ. വളരെ സന്തോഷം.

പാസ്റര്‍- സ്തോത്രം. ഞാന്‍ ഇന്ന് വന്നത് ഒരു പ്രത്യേക കാര്യത്തെപ്പറ്റി തിരുവചന പ്രകാരം സംസാരിക്കാനാണ്.

അ- വളരെ സന്തോഷം. എന്താണ് ആ പ്രത്യേക കാര്യം.

പാ- പറയാം. പക്ഷെ തിരുവചനങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് സംസാരിക്കേണ്ടത്.
അല്ലാതെ പൂര്‍വ്വ നടപടിയെന്നും പിതാക്കന്മാരുടെ കാനോനാകളെന്നും ഒക്കെ പറഞ്ഞാല്‍ പറ്റില്ല.

അ- കാര്യം പറഞ്ഞാട്ടെ പാസ്ററെ. വി. സഭയുടെ പൂര്‍വ്വ നടപടികളും വി. പിതാക്കന്മാരുടെ കാനോനുകളും എല്ലാം തിരുവചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അല്ലാതെ ആരും ഒന്നും പറയുന്നില്ല; ചെയ്യുന്നുമില്ല.

പാ- വേദതെളിവു തരണം. നിങ്ങള്‍ കന്യകാ മറിയാമിനോടും മരിച്ച വിശുദ്ധന്മാരോടും ഒക്കെ പ്രാര്‍ത്ഥിക്കുന്നത് എന്തിനാണ്.?

അ- അതു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയല്ല. അവര്‍ നമുക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കയാണ്. അല്ലാതെ അവര്‍ നമ്മളെ അനുഗ്രഹിക്കേണമേയെന്ന് പ്രാര്‍ത്ഥിക്കുന്നില്ല.

പാ- അതാണ് ഞാന്‍ ചോദിക്കുന്നത്. അതൊരനാവശ്യമല്ലേ? മൂഢാചാരമല്ലേ?

അ- വിശുദ്ധന്മാരോടു മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തരുതെന്ന് വേദപുസ്തകത്തില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

പാ- ഉണ്ട്. തിരുവചനമുണ്ട്. ‘ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഏക മദ്ധ്യസ്ഥന്‍ യേശുക്രിസ്തു’ (1 തിമോ. 2:5) എന്ന് വി. പൌലൂസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. യേശുക്രിസ്തുവാകുന്ന ഏക മദ്ധ്യസ്ഥനേ ഉള്ളുവെന്ന് തിരുവചനമുള്ളപ്പോള്‍ നിങ്ങള്‍ വിശുദ്ധന്മാരോട് മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നത് സ്പഷ്ടമായും തെറ്റല്ലേ?

അ- പറയാം. യേശുക്രിസ്തു ഏക മദ്ധ്യസ്ഥനാകുന്നുവെന്നും അതുകൊണ്ട് വേറെ മദ്ധ്യസ്ഥന്‍ ഉണ്ടായികൂടായെന്നുമാണോ പാസ്റര്‍ പറയുന്നത്. ഏകമദ്ധ്യസ്ഥനേയുള്ളു അതു ക്രിസ്തു മാത്രം.
അ- ശരി. 1. തെസ്സ 5:22 വായിച്ചാട്ടെ.

പാ- (വായിക്കുന്നു) ‘സഹോദരന്മാരെ! ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍’ ഇത് ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള പ്രാര്‍ത്ഥനയാണ്.

അ- റോമ. 15:31 കൂടെ വായിച്ചാട്ടെ

പാ- ‘നിങ്ങള്‍ എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ പോരാടണമെന്ന്…. നിങ്ങളെ പ്രബോധിപ്പിക്കുന്നു.’ ഇതും ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാണ്. അല്ലാതെ മരിച്ചുപോയ വിശുദ്ധന്മാരെക്കുറിച്ചല്ല.

അ- ദൈവത്തോടപേക്ഷിപ്പാന്‍ ഏക മദ്ധ്യസ്ഥനേ ഉള്ളുവെന്ന് പറഞ്ഞത് വി. പൌലൂസാണ്. ക്രിസ്തുവിനോടല്ലാതെ വേറെ മദ്ധ്യസ്ഥന്മാരോടപേക്ഷിച്ചതും വി. പൌലൂസ് തന്നെ. അത് എങ്ങനെ നീതീകരിക്കുന്നു?

പാ- സ്തോത്രം. സ്തോത്രം. വി. പൌലൂസ് അപേക്ഷിച്ചത് ജീവനോടിരിക്കുന്നവരോടാണ്. മരിച്ചവരോടല്ല.

അ-അതു ശരി. ഏക മദ്ധ്യസ്ഥന്‍ ക്രിസ്തുവേ ഉള്ളുവെന്ന് വ്യക്തമായിപ്പറഞ്ഞ വി. പൌലൂസ്, ജീവിച്ചിരിക്കുന്ന വേറെ മദ്ധ്യസ്ഥന്മാരോട് അപേക്ഷിച്ചിരുന്നുവെന്ന് സമ്മതിക്കുന്നില്ലേ? അപ്പോള്‍ വേറെ മദ്ധ്യസ്ഥന്മാര്‍ ആകാം.

പാ- സമ്മതിക്കുന്നു.

അ- ജീവിച്ചിരിക്കുന്ന വേറെ മദ്ധ്യസ്ഥന്മാര്‍ ഉണ്ടാകുമെന്ന് പാസ്റര്‍ സമ്മതിക്കുന്നു. ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കുന്ന വിശുദ്ധാത്മാക്കളോട് പ്രാര്‍ത്ഥിക്കരുതെന്ന് വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടോ?

പാ- അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞിട്ടില്ല.

അ- പ്രാര്‍ത്ഥിക്കണമെന്നോ പ്രാര്‍ത്ഥിക്കരുതെന്നോ പറഞ്ഞിട്ടില്ല അല്ലേ?

പാ- അതേ.

അ-അത്തരത്തില്‍ വ്യക്തമായ വേദവാക്യങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് വി. ശ്ളീഹന്മാരുടെ നടപടികളേയും അവരില്‍ നിന്നും കണ്ടും കേട്ടും ഗ്രഹിച്ചും ഉള്ള പൂര്‍വ്വ പിതാക്കന്മാരുടെ ഉപദേശങ്ങളേയും ചട്ടങ്ങളേയും (കാനോനുകള്‍) നാം ആശ്രയിക്കുന്നത്. അങ്ങനെ ആശ്രയിക്കണമെന്നുള്ളത് വേദാനുസരണമാണല്ലോ (2 തിമോ. 2:2; ഫിലി. 4:9). ആദിമ അപ്പോസ്തോലിക സഭയിലെ നടപടിക്രമങ്ങളേയും നാം അറിഞ്ഞിരിക്കണം. അതും നിഷേധിക്കാവുന്നതല്ല.

പാ- അതൊക്കെ ശരിതന്നെ. ഈ മരിച്ചുപോയ വിശുദ്ധന്മാരോട് പ്രാര്‍ത്ഥിച്ചാല്‍ അവര്‍ക്ക് അതു കേള്‍ക്കാന്‍ സാധിക്കുമോ? അവര്‍ക്കു സംസാരശക്തി ഉണ്ടാകുമോ? അവര്‍ക്കു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുമോ? പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കുമോ? ഇതൊക്കെയാണറിയേണ്ടത്.

അ- പറയാം. വാങ്ങിപ്പോയ വിശുദ്ധന്മാര്‍ക്ക് കേള്‍ക്കുവാനും ഗ്രഹിക്കുവാനും പ്രാര്‍ത്ഥിക്കുവാനും കഴിവുണ്ടെന്ന് തിരുവചനപ്രകാരം തെളിയിക്കുന്നതിന് കഴിഞ്ഞാല്‍ വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന ശരിയും ആവശ്യവുമാണെന്ന് പാസ്റര്‍ സമ്മതിക്കും. അല്ലേ?

പാ- അതു മാത്രം പോരാ. അങ്ങനെ പ്രാര്‍ത്ഥിച്ചതായും ഫലം ലഭിച്ചിട്ടുള്ളതായും കൂടെ തെളിയിക്കണം.

അ- ശരി. വാങ്ങിപ്പോയവര്‍ക്കു സംസാരശക്തിയുണ്ടാകുമോ എന്നു തന്നെ ആദ്യമായി പരിശോധിക്കാം. 1. ശമു. 28.11-19 വരെ വായിച്ചാട്ടെ.

പാ- ശൌല്‍ രാജാവിന് എന്തു ഭവിച്ചുവെന്നും ഭാവിയില്‍ എന്താണ് ഭവിക്കാന്‍ പോകുന്നതെന്നും ശമുവേല്‍ പറയുന്ന ഭാഗമാണിത്.

അ- ഈ ശമുവേല്‍ നേരത്തെ മരിച്ചുപോയ ആളല്ലേ? മരിച്ചുപോയ ശമുവേല്‍ ജീവിച്ചിരുന്ന ശൌല്‍ രാജാവിനോട് സംഭവിച്ചതും സംഭവിക്കാനിരുന്നതുമായ കാര്യങ്ങള്‍ പറഞ്ഞതായി തിരുവെഴുത്തുകളില്‍ കാണുമ്പോള്‍ മരിച്ചവര്‍ക്ക് സംസാരശക്തി ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം സമ്മതിക്കാമോ?

പാ- കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാനാഗ്രഹമുണ്ട്.

അ- ഇനിയും കേള്‍ക്കണമോ? ഈ ഒറ്റ സംഭവം കൊണ്ടുതന്നെ സത്യം ബോധ്യമായില്ലേ? എന്നാലും പറയാം. ഹസ്ക്കി. 32:21 “വീരന്മാരില്‍ ബലവാന്മാരായവര്‍ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവില്‍ നിന്ന് അവരോടു സംസാരിക്കും.” പരേതര്‍ക്കും സംസാരിക്കാം. ലൂക്കോ 9: 28-33 വരെ വാക്യങ്ങള്‍ വായിച്ചാട്ടെ.
പാ- മോശയും ഏലിയായും വന്ന് കര്‍ത്താവിനോട് സംസാരിക്കുന്ന ഭാഗമാണിത്.
അ-കര്‍ത്താവിനു വളരെ മുമ്പേ മരിച്ചുപോയ മോശയും ഏലിയായും വന്ന് കര്‍ത്താവിനോട് സംസാരിക്കുന്നു. അപ്പോള്‍ മരിച്ചവര്‍ക്ക് സംസാരശക്തിയുണ്ടോ? എന്തു പറയുന്നു? എന്തെങ്കിലും സംശയമുണ്ടോ? രക്തസാക്ഷികളായി നിദ്രപ്രാപിച്ചവര്‍ ദൈവ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്ന് അവന്റെ ആലയത്തില്‍ രാപകല്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. വെളി. 7:10; 14 -17 ഇനിയും പറയാം.

പാ-വേണ്ട അന്നാമ്മെ സ്തോത്രം. സ്തോത്രം. അതു സമ്മതിക്കുന്നു. എന്നാല്‍ യേശുക്രിസ്തു മോശയും ഏലിയായുമായി സംസാരിക്കുന്നത് മുഖാമുഖം കണ്ടുകൊണ്ടാണ്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് അങ്ങനെയല്ലല്ലൊ. അപ്പോള്‍ എങ്ങനെയാണ് നിങ്ങളുടെ പ്രാര്‍ത്ഥനയും ഹൃദയവിചാരങ്ങളും അവന്‍ അറിയുന്നുവെന്ന് ബോധ്യമാകുന്നത്?

അ- അനന്യാസിന്റെയും സഫീറയുടെയും വഞ്ചനയെപ്പറ്റി അവരോ മറ്റാരെങ്കിലുമോ പറയാതെ എങ്ങനെയാണ് വി. പത്രോസ് മനസ്സിലാക്കിയത്? ജീവിച്ചിരിക്കുമ്പോള്‍ ദൈവം നല്‍കിയ ഈ ശക്തി മരണശേഷം എടുത്തുകളയുമെന്ന് വിചാരിക്കുന്നതെന്തിനാണ്?

പാ- മരണശേഷം നമ്മുടെ പ്രാര്‍ത്ഥനയോ ആവശ്യങ്ങളോ അവര്‍ അറിയുന്നുവെന്നുള്ളതിന് തെളിവെന്താണ്?

അ- ലൂക്കോ 15:10-ല്‍ ‘അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ സന്തോഷിക്കുന്നുവെന്ന് കര്‍ത്താവ് പറയുന്നു. ഭൂമിയിലുള്ള പാപിയുടെ അനുതാപം സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ എങ്ങനെ അറിഞ്ഞു സന്തോഷിക്കുന്നു?

പാ- അത് മാലാഖമാരല്ലേ? മരിച്ചുപോയ വിശുദ്ധന്മാരല്ലല്ലോ.

അ- മത്താ. 22:30-ല്‍ മരിച്ചുപോയ വിശുദ്ധന്മാര്‍ പ്രകൃതിയില്‍ ദൈവദൂതന്മാരായ മാലാഖമാരെപ്പോലെയാകുന്നുവെന്ന് കാണുന്നു.

പാ- അതുകൊണ്ടെന്താണ്

അ- എബ്രയാര്‍ 1:14-ല്‍ ദൈവദൂതന്മാര്‍ രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ എന്നു ചോദിക്കുന്നു. മത്തായി 22:30 പുനരുത്ഥാനത്തിന്റെ മക്കള്‍ സ്വര്‍ഗ്ഗത്തിലെ ദൈവ ദൂതന്മാരെപ്പോലെയായിരിക്കും എന്ന് വായിക്കുന്നു.

പാ- ഈ വാക്യങ്ങള്‍ കൊണ്ട് അന്നാമ്മ എന്താണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്? സ്തോത്രം.

അ- പാസ്ററേ! നിഷ്പക്ഷമായും മുന്‍വിധികൂടാതെ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കണമല്ലോ. മനുഷ്യവിചാരങ്ങള്‍ അറിയുവാന്‍ മാലാഖമാര്‍ക്കു കഴിയുമെങ്കില്‍, പ്രകൃതിയില്‍ മാലാഖമാര്‍ക്കു സദൃശരും ശുശ്രൂഷയ്ക്ക് സേവനാത്മാക്കളായി മാലാഖമാരെ ലഭിച്ചിട്ടുള്ളവരും, മാലാഖമാരേക്കാള്‍ അധികാരവും ശക്തിയും കൂടുതലായി ലഭിച്ചിട്ടുള്ളവരും, പുത്രസ്വീകാരം ലഭിച്ചിട്ടുള്ളവരും നിത്യതയില്‍ വസിക്കുന്നവരുമായ വിശുദ്ധന്മാരുടെ ആത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന കേള്‍പ്പാന്‍ നിശ്ചയമായും സാധിക്കുകയില്ലേ?

പാ- അതൊരു യുക്തിവാദമാണ്.

അ- എന്താ യുക്തി ഒരു ദുര്‍ഗുണമാണോ? കാര്യകാരണങ്ങളെ വസ്തുനിഷ്ഠമായി ഇണക്കിച്ചേര്‍ത്ത് ചിന്തിക്കുമ്പോള്‍ സംശയരഹിതമായി ലഭിക്കുന്ന ബോധ്യത്തെയാണ് യുക്തി എന്നു പറയുന്നത്. അതൊരു യാഥാര്‍ത്ഥ്യമാണ്.